കിഴക്കമ്പലം: ഒരു കോടി രൂപ ചെലവിൽ കവല വികസനം പൂർത്തിയാക്കിയിട്ടും ഒരു മഴ പെയ്താൽ പട്ടിമറ്റം ജംഗ്ഷൻ കുളമാകുന്നു. നാലു വശങ്ങളിലെ ഓടകളിൽ നിന്നുമുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്കു മുകളിൽ സ്ലാബിട്ട് ടൈൽ പാകിയാണ് കവല വികസനം യാഥാർഥ്യമാക്കിയത്.
ജംഗ്ഷൻ മോടി കൂട്ടാൻ മാത്രം തുക ചെലവഴിച്ചപ്പോൾ വെള്ളമൊഴുക്കിന് വഴിയുണ്ടാക്കുന്ന കാര്യം അധികൃതർ മറന്നു. ടൈൽ പാകി ഓടകൾ മൂടിയതോടെ മണ്ണും ചെളിയും നിറഞ്ഞ ഓടകളിൽ നിന്നു നീരൊഴുക്കിന് തടസമായി നില്ക്കുന്ന മണ്ണ് കോരിമാറ്റലും അസാധ്യമായി. ഇതോടെ ഓട നിറഞ്ഞൊഴുകുന്നതാണ് മഴയിൽ പട്ടിമറ്റം കുളമായി മാറുന്നതിനിടയാക്കുന്നത്.
കോലഞ്ചേരി റോഡിൽ തീയറ്റർ ജംഗ്ഷനിൽ അമ്പാടി നഗർ ഭാഗത്തുനിന്നു വരുന്ന മഴ വെള്ളം കാനയിലേക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. ഈ വെള്ളവും റോഡിലൂടെ ഒഴുകി കവലയിലേക്കാണ് എത്തുന്നത്. ദീർഘ വീക്ഷണമില്ലാതെയുള്ള പൊതു മരാമത്ത് വകുപ്പിന്റെ നടപടികളാണ് ടൗണിൽ വെള്ളക്കെട്ടുണ്ടാക്കുന്നതിന് കാരണമാകുന്നത്.
കിഴക്കമ്പലം-നെല്ലാട് റോഡ് ബിഎംബിസി നിലവാരത്തിൽ പണി പൂർത്തിയാകുമ്പോൾ പട്ടിമറ്റത്തെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് എംഎൽഎ വി.പി. സജീന്ദ്രൻ പറഞ്ഞു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ടിൽ നിന്നു താല്ക്കാലിക പരിഹാരമെന്നോണം കാന ശുചീകരണത്തിന് നിർദേശം നല്കുമെന്ന് എംഎൽഎ പറഞ്ഞു.