കിഴക്കമ്പലം: പട്ടിമറ്റത്തെത്തുമ്പോൾ സൂക്ഷിക്കുക, തെരുവുനായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാനാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ടൗൺ കൈയടക്കിയിരിക്കുകയാണ് തെരുവു നായ്ക്കൾ.
പകൽ സമയങ്ങളിൽ ജംഗ്ഷനിൽ കൂട്ടം കൂടുന്ന നായ്ക്കൾ ഇരുചക്ര, കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. അവിചാരിതമായി വാഹനങ്ങൾക്ക് വട്ടം ചാടുന്ന നായ്ക്കളെ ഇടിക്കാതെ വാഹനം വെട്ടിച്ചു മാറ്റുന്നത് അപകടങ്ങൾക്കും കാരണമാവുന്നു.
സമീപ മേഖലകളായ മഴുവന്നൂരിലും, തിരുവാണിയൂരിലും, പുത്തൻകുരിശിലും പേപ്പട്ടിയുടെ അക്രമമുണ്ടായത് ഒരാഴ്ച മുമ്പാണ്. വൈകിട്ട് ഏഴു മണിയോടെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ പട്ടിമറ്റം പട്ടികളുടെ നിയന്ത്രണത്തിലാണ്.
15 ലധികം പട്ടികളാണ് ഈ സമയം ടൗൺ കൈയടക്കുന്നത്. ഒരു വാഹനമെങ്ങും നിർത്തേണ്ടി വന്നാൽ പട്ടികൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് നിത്യ സംഭവമാണ്.
പഞ്ചായത്തിലെ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) പ്രവർത്തനങ്ങളുടെ അപര്യാപ്തതയാണ് പട്ടികൾ പെരുകുന്നതിന് കാരണമായത്. പട്ടികളെ ടൗണിൽനിന്നും തുരത്തുന്നതിന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.