തൃശൂർ: ബിജെപി ഭരണത്തിൽ പട്ടിണിക്കാരുടെ രാജ്യമായി ഇന്ത്യ മാറിയെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എഐസിസി ആഹ്വാനപ്രകാരം സംഘടിപ്പിച്ച ജനജാഗരണ്‍ പദയാത്രയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വിശപ്പുസൂചികയിൽ 2015 ൽ 55-ാം സ്ഥാനാത്തായിരുന്ന ഇന്ത്യ 2021 ൽ 101-ാമതാണ്. സർക്കാർ സ്പോണ്‍സേഡ് വിലക്കയറ്റമാണു രാജ്യത്തു നടക്കുന്നത്. ജനങ്ങൾ പട്ടിണിയിൽനിന്നും കൊടുംപട്ടിണിയിലേക്കു കൂപ്പുകുത്തുകയാണ്.
രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ വിറ്റഴിക്കുന്നു. യാതൊരു ന്യായീകരണവുമില്ലാതെയാണ് പെട്രോളിയം ഉത്പന്നങ്ങൾക്കു വിലവർധിപ്പിച്ച് കേന്ദ്ര സർക്കാർ ആനന്ദം കണ്ടെത്തുന്നത്.
മോദിയുടെ അതേ പാതയാണ് കേരളത്തിൽ പിണറായി വിജയൻ പിന്തുടരുന്നത്. അരക്ഷിതത്വവും അരാജകത്വവും നിറഞ്ഞ സംസ്ഥാനമായി കേരളം മാറി. കാക്കിക്കുള്ളിൽ ക്രിമിനലുകൾ പെരുകി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുന്നു. പോലീസിലെ തെറ്റായ സംസ്കാരത്തിന്റെ ഇരയാണ് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീണ്‍.
താൻ ചാൻസലർ പദവിയിൽനിന്ന് ഒഴിയുകയാണെന്ന് ഒരു ഗവർണർക്കു പറയേണ്ടിവന്നതു കേരളത്തിലാണെന്നതു ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.
മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ സ്വാതന്ത്ര്യസമരസേനാനി പാവറട്ടി സ്വദേശി വി.കെ. കൃഷ്ണനിൽനിന്നു വി.എം. സുധീരൻ കോണ്‍ഗ്രസ് പതാക ഏറ്റുവാങ്ങി.
രമ്യ ഹരിദാസ് എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, അനിൽ അക്കര, പി.എ.മാധവൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.
സ്വരാജ് റൗണ്ട് ചുറ്റി എംഒ റോഡ് വഴി ശക്തൻ സ്റ്റാൻഡിലൂടെ കണ്ണംകുളങ്ങര ആലുംവെട്ടുവഴി വലിയാലുക്കൽ വഴി നെടുപുഴ കസ്തൂർബ കേന്ദ്രത്തിലാണ് യാത്ര സമാപിച്ചത്.
തുടർന്നു മുതിർന്ന നേതാക്കൾ നെടുപുഴ കോളനിയിൽ താമസിച്ച് പ്രദേശത്തെ സാധാരണ പ്രവർത്തകരുമായി സംവദിച്ചു.