ഷിക്കാഗോ: ആറു വയസുള്ള മകന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കൾ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ മാതാപിതാക്കൾക്ക് കോടതി 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.
പിതാവ് മൈക്കിൾ റോബർട്ടും വളർത്തമ്മ ജോർജിനായും കുട്ടിക്ക് 2015 മുതൽ ശരിയായ ഭക്ഷണം നൽകിയിരുന്നില്ല. ശിക്ഷയുടെ ഭാഗമായിട്ടായിരുന്നു ഇതെന്ന് ജഴ്സി കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
സതേണ്‍ ഇല്ലിനോയ്സ് കമ്യൂണിറ്റി (ജേഴ്സി വില്ല) ആശുപത്രിയിൽ കുട്ടിയെ കഴിഞ്ഞ ദിവസമാണ് പിതാവ് മൈക്കിൾ എത്തിച്ചത്. എന്നാൽ കുട്ടി ഇതിനോടകം മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടു വന്ന ആറു വയസുകാരന് വെറും 17 പൗണ്ട് (ഏഴു കിലോ) തൂക്കം മാത്രമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആവശ്യമായ പോഷകാഹാരമോ, ഭക്ഷണമോ നൽകാതെ കുട്ടിയെ അപായപ്പെടുത്തിയതിനാണ് ഇവരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. മരിച്ച കുട്ടിക്ക് മൂന്ന് സഹോദരങ്ങളെ കൂടാതെ രണ്ട് വളർത്തു സഹോദരങ്ങളും ഉണ്ടായിരുന്നു. ഇവരെ ഇല്ലിനോയ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ