തിരുവനന്തപുരം: വഞ്ചിയൂർ കൈതമുക്കിൽ പട്ടിണി മൂലം കുട്ടികൾ മണ്ണ് വാരി തിന്നുവെന്ന ശിശുക്ഷേമസമിതിയുടെ നിലപാട് എഴുതി തയാറാക്കിയ കഥയെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ശിശുക്ഷേമസമിതി പ്രവർത്തിച്ചതെന്നും തികച്ചും പക്വതയില്ലാത്ത കാര്യങ്ങളാണ് ശിശുക്ഷേമ സമിതി കൈക്കൊണ്ടതെന്നും പി.സുരേഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
പട്ടിണി മൂലം കുട്ടികൾ മണ്ണ് വാരി തിന്നിട്ടില്ലെന്ന് കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കമ്മീഷൻ മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. കുട്ടികളുടെ മാതാവ് എഴുതിയ കത്തല്ല ശിശുക്ഷേമസമിതി അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. ശിശുക്ഷേമ സമിതി അധികൃതർ തയാറാക്കിയ കത്തിൽ കുട്ടികളുടെ അമ്മ വായിച്ച് നോക്കാതെ ഒപ്പിട്ട് നൽകുകയായിരുന്നുവെന്നാണ് അമ്മ വ്യക്തമാക്കിയത്.
കുട്ടികളുടെ പിതാവ് തെങ്ങ് കയറ്റ തൊഴിലാളിയാണ്. ദിവസേന ആയിരം രൂപയുടെ വരുമാനം അദ്ദേഹത്തിനുണ്ടെന്നും കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ ഒരു അലംഭാവവും കാട്ടിയിട്ടില്ലെന്നുമാണ് കമ്മീഷൻ നടത്തിയ തെളിവെടുപ്പിലും അന്വേഷണത്തിലും ബോധ്യമായത്. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കുട്ടികളുടെ കാര്യത്തിൽ അത് ബാധിച്ചിട്ടില്ലെന്നാണ് കമ്മീഷന് ബോധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിണി മൂലം കുട്ടികൾ മണ്ണ് വാരി തിന്നേണ്ട അവസ്ഥയുണ്ടായിട്ടില്ല. കൃത്യമായി ഭക്ഷണം കുട്ടികൾക്ക് നൽകിയിരുന്നുവെന്നുമാണ് കുട്ടികളുടെ മാതാവ് സ്വന്തം കൈപ്പടയിൽ കമ്മീഷന് എഴുതി നൽകിയ കത്തിലെ വിവരം. മണ്ണ് വാരി കളിയ്ക്കുന്ന ശീലം കുട്ടികൾക്ക് ഉണ്ടായിരുന്നു. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ശിശുക്ഷേമ സമിതി അധികൃതരെന്ന് പി.സുരേഷ് പറഞ്ഞു.
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ശിശുക്ഷേമ സമിതി പ്രവർത്തകർ മാധ്യമങ്ങളോട് തെറ്റായ വിവരങ്ങൾ നൽകിയത് കേരളത്തിന് അപമാനമായി മാറി. സന്പൂർണ സാക്ഷരത നേടിയ നമ്മുടെ സംസ്ഥാനത്തെ അപമാനിക്കുന്ന നിലപാടായി മാറി ശിശുക്ഷേമസമിതിയുടെ പക്വതയില്ലാത്ത നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റിൽ വരെ ഈ വിഷയം എത്തിയത് കേരളത്തിനും കേരളീയർക്കും അപമാനമായി മാറി.
ശിശുക്ഷേമ സമിതിയുടെ എടുത്ത് ചാട്ടം വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികളുടെ മാതാവിന് ജോലി നൽകിയതും റേഷൻ കാർഡ് നൽകിയതും താമസിക്കാൻ വീട് അനുവദിച്ച സർക്കാരിന്റെയും കോർപറേഷന്റെയും തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണെന്നും കമ്മീഷൻ പറഞ്ഞു.
അതേ സമയം കുട്ടികളെ ഏറ്റെടുത്ത വിഷയത്തിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കുട്ടികളെ ഏറ്റെടുക്കാനുള്ള അധികാരം ചൈൾഡ് വെൽഫെയർ കമ്മിറ്റിയ്ക്കാണുള്ളതെന്ന് വിവിധ കോണുകളിൽ നിന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈൾഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കാതെയാണ് ശിശുക്ഷേമ സമിതി കാര്യങ്ങൾ നീക്കിയതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.