നിലന്പൂർ: നിലന്പൂർ കല്ലുണ്ട കോളനിയിലെ കുട്ടനും കുടുംബവും ദുരിതത്തിൽ. റേഷൻ കാർഡ് യഥാസമയം പുതുക്കാത്തതിനാൽ ഇവർക്ക് ഏകആശ്വാസമായിരുന്ന റേഷൻ ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. കുട്ടനും ഭാര്യ സുന്ദരിയും മൂന്നു മക്കളും അടങ്ങിയ കുടുംബം പട്ടിണിയിൽ കഴിയുകയാണ്. പലപ്പോഴും ഇവരുടെ അടുപ്പ് പുകയുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യ സുന്ദരി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കിടപ്പിലാണ്. പല്ലപ്പോഴും കുട്ടനു ജോലിക്ക് പോകാൻ കഴിയാറില്ല.
ജില്ലാ കളക്ടറായിരുന്ന ടി.ഭാസ്കരൻ കോളനി സന്ദർശിച്ച സമയത്ത് കുട്ടന്റെ കുടുംബത്തിന്റെ റേഷൻ കാർഡ് പുതുക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. മഴക്കാലമായാൽ ഒരു മാസം 15 കിലോ അരി നൽകും പിന്നീട് ഐടിഡിപി കോളനിയിലേക്ക് തിരിഞ്ഞ് നോക്കാറില്ല.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെതുടർന്ന് സംസ്ഥാനത്താകെ ആദിവാസികളുടെ പട്ടിണി ചർച്ച ചെയ്യപ്പെടുന്പോഴാണ് കുട്ടനും കുടുംബവും അധികൃതരുടെ കാരുണ്യം തേടുന്നത്.