തൃശൂർ: പട്ടിണികിടന്ന് മടുത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡറായ തൃപ്രയാർ സ്വദേശി സുജി ജില്ലാ കളക്ടർക്ക് നൽകിയ കത്തിേന്മേൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കളക്ടർക്ക് നോട്ടീസ് അയച്ചു.
ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികളാണ് സുജിയുടെ അപേക്ഷയിൽ കാണുന്നതെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ജന്മനാ വന്നുചേർന്ന നിർഭാഗ്യത്തിനൊപ്പം അവഹേളനം കൂടി അനുഭവിക്കേണ്ടി വരുന്പോഴുള്ള മാനസികാവസ്ഥ ദയനീയമാണെന്ന് കമ്മീഷൻ ചൂണ്ടികാട്ടി.
മരണം പരിഹാരമാണെന്ന് കരുതുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ട്രാൻസ്ജെൻഡറുകൾക്കുളള ക്ഷേമപദ്ധതികളെയും മറ്റു കർമപരിപാടികളെയും കുറിച്ച് സാമൂഹിക നീതിവകുപ്പ് ഡയറക്ടറോടും കമ്മീഷൻ വിശദീകരണം തേടി.
1989-ൽ നഴ്സിംഗ് ബിരുദം നേടി പല സ്ഥലത്തും ജോലിക്ക് അലഞ്ഞെങ്കിലും ജോലി ലഭിച്ചില്ലെന്നും മാതാപിതാക്കളുടെ മരണത്തോടെ സഹോദരങ്ങൾ ഒറ്റപ്പെടുത്തിയെന്നും സുജിയുടെ കത്തിലുണ്ട്.
ജീവിക്കാൻ നിവൃത്തിയില്ലാതെ മിക്കദിവസങ്ങളിലും പട്ടിണിയിലാണ്. പിഎസ്സിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അവഗണനയും ഒറ്റപ്പെടുത്തലും കാരണം മരിക്കാൻ അനുമതി തരണമെന്നാണ് സുജിയുടെ ആവശ്യം. കേസ് ജൂണ്‍ 22 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.