അന്പലപ്പുഴ : കടുത്ത മത്സ്യക്ഷാമവും സർക്കാർ ആനുകൂല്യങ്ങൾ മുടങ്ങിയതുംമൂലം തീരദേശ മേഖല പട്ടിണിയിൽ. കഴിഞ്ഞ രണ്ടു മാസമായി പട്ടിണിയുടെ നടുക്കടലിലാണു ജീവിതമെങ്കിലും അധികൃതരും തിരിഞ്ഞു നോക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ.
പെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങളും മുടങ്ങി. തൃക്കുന്നപ്പുഴ മുതൽ തൈക്കൽ വരെയുള്ള തീരത്തു നിന്നു നൂറുകണക്കിനു വള്ളങ്ങളാണു കടലിലിറക്കുന്നത്. ലൈലാൻഡ്, ബീഞ്ച്, ഡിസ്കോ, നീട്ട് ഇനത്തിലെ വള്ളങ്ങളാണ് ഇവയിലേറെയും.
കാലവർഷത്തിനു ശേഷം ഇത്തവണ വളഞ്ഞവഴിക്കു സമീപം കുപ്പി മുക്കിലായിരുന്നു ചാകര ഉറച്ചത്. എന്നാൽ ചാകരയിൽ പ്രതീക്ഷയ്ക്കൊത്തു മത്സ്യം ലഭിക്കാതിരുന്നതാണ് വള്ളമുടമകൾക്കും തൊഴിലാളികൾക്കും തിരിച്ചടിയായത്. രാവന്തിയോളം കാറ്റിനോടും കടലിനോടും മല്ലടിച്ചിട്ടും ഭൂരിഭാഗം വള്ളങ്ങളും പൊടിമീൻ പോലും കിട്ടാതെ തീരത്തണയേണ്ട അവസ്ഥയിലായിരുന്നു.
ചാകരയിലെ പ്രധാന ഇനമായ വലിയ നാരൻചെമ്മീൻ, അയല, കണവ, ആവോലി തുടങ്ങിയവ കണികാണാനില്ലായിരുന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. കടംവാങ്ങിയും പലിശയ്ക്കു പണമെടുത്തും ഇന്ധനംവാങ്ങി പലരും വള്ളങ്ങൾ കടലിലിറക്കിയെങ്കിലും വൻ കടക്കെണിയിലായി.
പുറക്കാട്, പുന്നപ്ര ,പറവൂർ, വാടയ്ക്കൽ ഭാഗങ്ങളിൽ നിന്നു ഒരാൾ പണിയെടുക്കുന്ന പൊന്തുവള്ളങ്ങൾ പോകുന്നുണ്ടെങ്കിലും ഇവർക്കും കാര്യമായ ഒന്നും ലഭിക്കുന്നില്ല.