നെയ്യാറ്റിന്‍കര: മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ഇപ്പോഴും അടഞ്ഞുതന്നെ. ജീവനക്കാര്‍ ദുരിതത്തില്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
അഡ്വാന്‍സ് തുകകള്‍ കൈപ്പറ്റിയാണ് ചിലര്‍ പരിശീലനം നല്‍കുന്നത്. ലോക്ക് ഡൗണ്‍ ആയതോടെ ഡ്രൈവിംഗ്, ലേണേഴ്സ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു. പരിശീലനം നിലച്ചതു മാത്രമല്ല, ഡ്രൈവിംഗ് സ്കൂളുകളിലെ ജീവനക്കാരും പരുങ്ങലിലായി.
ഓരോ സ്കൂളിലും ഇന്‍സ്ട്രക്ടര്‍, ആര് ടി ഓഫീസുമായി ബന്ധപ്പെട്ട ഫയലുകളും അനുബന്ധ നടപടികളും കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് എന്നിങ്ങനെ കുറഞ്ഞത് മൂന്നു ജീവനക്കാരുണ്ടാകും. മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള വ്യക്തിക്ക് മാത്രമേ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യാന്‍ അവകാശമുള്ളൂ.
മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരൂ. ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചത് ഈ ജീവനക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. പലരും തുച്ഛമായ വേതനത്തിലാണ് ജോലി ചെയ്യുന്നത്.
മറ്റൊരു പ്രധാന വിഷയം ഈ പരിശീലന കേന്ദ്രങ്ങളിലെ വാഹനങ്ങളുടെ കാര്യമാണ്. പരിശീലന കേന്ദ്രങ്ങള്‍ പൂട്ടിയതിനു ശേഷം ഇതുവരെയും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ആര്‍ടി ഓഫീസ് മുതല്‍ വര്‍ക്ക് ഷോപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
പരിശീലന കേന്ദ്രങ്ങളിലെ വാഹനങ്ങള്‍ ദിവസങ്ങളായി ഉപയോഗിക്കാത്ത അവസ്ഥയില്‍ തുടരുന്നതിനാല്‍ ബാറ്ററി ഡൗണ്‍ ആകാനിടയുണ്ട്. നിശ്ചലമായിരിക്കുന്നതിനാല് എഞ്ചിനും ടയറിനുമൊക്ക കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുമേറെ.
തിരുവനന്തപുരം ജില്ലയില്‍ അഞ്ഞൂറിലധികം മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകള്‍ നിലവിലുണ്ട്. ഈ മേഖലയിലെ ഇപ്പോഴത്തെ കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു.