തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമായി പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഗോശാലയിലെ പശുക്കള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരള ഫീഡ്സ് കാലിത്തീറ്റ നല്കാന് തയാറായത്.
ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഭൂരിഭാഗവും കിടാരികളായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണെന്നു കണ്ട് വനംവന്യജീവി മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് കാലിത്തീറ്റ നല്‍കുന്നത്.
ഇന്നലെ ഗോശാല സന്ദര്‍ശിച്ച മന്ത്രിക്കൊപ്പമെത്തിയ കേരള ഫീഡ്സ് അധികൃതരാണ് കാലിത്തീറ്റ പരിപാലകരെ ഏല്പിച്ചത്. കന്നുകാലികള്‍ക്ക് ഇത് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഒരു സംഘം മൃഗ ഡോക്ടര്‍മാര്‍ ഇന്നുതന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അനുവദിച്ച മിടുക്കി കാലിത്തീറ്റ തികഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഇനിയും നല്കാന് തയാറാണെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു.