തിരുവനന്തപുരം: പട്ടിണിയെ തുടർന്ന് മക്കളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച അമ്മയ്ക്ക് കോർപറേഷൻ ഇന്ന് താൽക്കാലിക ജോലി നൽകും. രണ്ട് കൈക്കുഞ്ഞുങ്ങൾ പാൽകുടി മാറാത്ത പ്രായത്തിലാണ്. കുട്ടികളെ ദേഹോപദ്രവമേൽപ്പിച്ചതിന് കുട്ടികളുടെ അച്ഛനെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി ഡിജിപിയോടു ശിപാര്‍ശ ചെയ്യും. അതിനുള്ള നിയമ നടപടികളെക്കുറിച്ച് ആലോചന നടക്കുകയാണ്. ബാലാവകാശ കമ്മീഷനും ഈ വിഷയത്തെക്കുറിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ബാലാവകാശ കമ്മീഷനും നിയമനടപടികൾ സ്വീകരിക്കാനുള്ള ആലോചനയിലാണ്.
മാതാവിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നൽകുമെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. വഞ്ചിയൂർ കൈതമുക്കിലെ റെയിൽവെ പുറന്പോക്കിൽ താമസിച്ചിരുന്ന വീട്ടമ്മ ഇന്നലെയാണ് തന്റെ നാല് കുട്ടികളെ വളർത്താൻ സാധിക്കാതെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. ആറ് കുട്ടികളിൽ രണ്ട് പേർ മുലകുടി മാറാത്ത പ്രായക്കാരാണ്. പട്ടിണി കാരണം കുഞ്ഞുങ്ങൾ മണ്ണുവാരിത്തിന്നത് വാർത്തയായതോടെയാണ് വിഷയം സമൂഹ മനഃസാക്ഷിയുടെ മുന്നിൽപ്പെട്ടത്. ഇതോടെ ഇന്നലെ അമ്മയെയും രണ്ട് കൈക്കുഞ്ഞുങ്ങളെയും കോർപറേഷൻ അധികൃതർ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാത്രിയിൽ ആറ് കുട്ടികളെയും തൈക്കാട് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. നാലു കുട്ടികളെ ശിശുക്ഷേമസമിതിയിലെത്തിച്ചു. അമ്മയ്ക്കും കൈക്കുഞ്ഞുങ്ങൾക്കും താമസിക്കാനായി കോർപറേഷന്റെ അധീനതയിലുള്ള മുട്ടത്തറയിലെ ഫ്ളാറ്റിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി മേയറുടെ ഓഫീസ് അറിയിച്ചു. അമ്മയ്ക്കും കുട്ടികൾക്കും മതിയായ സുരക്ഷയും ഭക്ഷണം വസ്ത്രം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
വീട്ടമ്മയുടെ ഭർത്താവ് മദ്യപിച്ച് കുട്ടികളെയും ഭാര്യയെയും മർദ്ദിച്ചിരുന്നുവെന്ന നാട്ടുകാരുടെയും കുട്ടിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിക്കാനുള്ള നിയമോപദേശം ശിശുക്ഷേമസമിതിയും ആലോചിക്കുകയാണ്. പട്ടിണിയെ തുടർന്ന് കുട്ടികൾ മണ്ണ് വാരി തിന്നുന്ന കാഴ്ച ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കുട്ടികളുടെ അവസ്ഥ ശിശുക്ഷേമ സമിതിയെ അറിയിച്ചത്.
അതേ സമയം പട്ടിണിയെ തുടർന്ന് ജീവിക്കാൻ നിവർത്തിയില്ലാതെ കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച സംഭവവും മണ്ണ് വാരിത്തിന്ന് കുട്ടികൾ വിശപ്പകറ്റിയതും ഇന്ന് പാർലമെന്റിൽ ഉന്നയിക്കുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്..