പട്യാലയ്ക്കു മീതെ കത്തിയുരുകി നിന്ന സൂര്യന്റെ അഗ്നിപരീക്ഷകളെ മറികടന്ന് ട്രാക്കിലും ഫീല്‍ഡിലും കരുത്തു ചോരാതെ പോരാടിയ മലയാളി താരങ്ങള്‍ പിടിച്ചടക്കിയത് നാലു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ പത്തു മെഡലുകള്‍. ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ പട്യാലയിലെ ഏറ്റവും കൂടിയ താപനില 49 ഡിഗ്രിയായിരുന്നു. പ്രധാന ഫൈനലുകള്‍ നടന്ന വൈകുന്നേരം 47 ഡിഗ്രി ചൂടിനെ മറികടന്നാണു താരങ്ങള്‍ മത്സരങ്ങള്ക്കിറങ്ങിയത്്.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ നയന ജയിംസും പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ അമോജ് ജേക്കബുമാണ് ഇരട്ട സ്വര്‍ണവുമായി മലയാളിത്തിളക്കം കൂട്ടിയത്. ട്രിപ്പിള്‍ ജംപില്‍ യു. കാര്‍ത്തിക് വെള്ളിയും ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫ് വെങ്കലവും നേടി. 1000 മീറ്ററില്‍ ടി. ഗോപിക്കാണ് വെള്ളി.
1500ല്‍ ചിത്രയും ജിന്‍സണും
വനിതകളുടെ 1500 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്വദേശി പി.യു ചിത്ര സ്വര്‍ണം നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ ജിന്സണ് ജോണ്സന് സ്വര്‍ണം നേടി. 4:26.48 മിനിറ്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്സന് ജോണ്സണ് 3:48.49 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 1500 മീറ്ററില്‍ മലയാളി താരങ്ങളായ സജീഷ് ജോസഫ് എട്ടാമതും അനൂപ് ടി.കെ പത്താമതും ഫിനിഷ് ചെയ്തു.
നയനയ്ക്ക് ഇരട്ട സ്വര്‍ണം
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യമായി മത്സരിച്ചാണു നയന ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. 13.96 സെക്കൻഡിലാണ് നയന ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം വനിതകളുടെ ലോംഗ് ജംപിലും നയന സ്വര്‍ണം നേടിയിരുന്നു.
മഹാരാഷ്ട്രയുടെ അങ്കിത ഗോസാവി 14.00 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി. 14.03 സെക്കൻഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടകയുടെ പ്രാജ്ന എസ്. പ്രകാശിനാണ് വെങ്കലം. ഈയിനത്തില്‍ മത്സരിച്ച മലയാളികളായ എം. സുഗിന നാലാം സ്ഥാനത്തും കെ.വി സജിത ആറാം സ്ഥാനത്തും ഡൈബി സെബാസ്റ്റ്യന്‍ എട്ടാം സ്ഥാനവും നേടി.
അമോജിനു രണ്ടാം സ്വര്‍ണം
പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരം അമോജ് ജേക്കബ് 46.26 സെക്കൻഡില്‍ ഫിനിഷ് ചെയ്ത സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 800 മീറ്ററിലും ഡല്‍ഹി മലയാളിയായ അമോജ് സ്വര്‍ണം നേടിയിരുന്നു. മലയാളിയായ വൈക്കം വല്ലകം സ്വദേശി സച്ചിന് റോബി മൂന്നാം സ്ഥാനം നേടി. 46.26 സെക്കൻഡിലാണ് സച്ചിന് റോബി ഫിനിഷ് ചെയ്തത്. തമിഴ്നാട് സ്വദേശി ആരോഗ്യ രാജിനാണ് ഈയിനത്തില്‍ രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം മീറ്റ് റിക്കാര്‍ഡ് സ്വന്തമാക്കിയ ആരോക്യ രാജീവിന് ഇത്തവണ 46.64 സെക്കൻഡില്‍ ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളു. ഈ വിഭാഗത്തില്‍ ഫൈനലിലെത്തിയ എട്ടു പേരില്‍ അഞ്ചും മലയാളികളായിരുന്നു.
പതിനായിരത്തില്‍ ഗോപിക്ക് വെള്ളി
പുരുഷന്മാരുടെ 10,000 മീറ്ററില്‍ മലയാളി താരം ടി. ഗോപി വെള്ളി നേടി. തമിഴ്നാടിന്റെ ജി. ലക്ഷ്മണാണ് സ്വര്‍ണം നേടിയത്. 29:23.46 മിനിറ്റില്‍ ലക്ഷ്മണ് ഫിനിഷ് ചെയ്തപ്പോള്‍ 29:55.67 മിനിറ്റില്‍ ഗോപി ഫിനിഷ് ചെയ്തു. വനിതകളുടെ 10,000 മീറ്ററില്‍ 33:12.67 മിനിറ്റില്‍ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ എല്‍. സൂര്യ സ്വര്‍ണം നേടി. 33:15.77 മിനിറ്റില്‍ ഫിനിഷ് ചെയ്ത സഞ്ജീവനി ജാദവിനാണ് വെള്ളി.
100 മീറ്ററില്‍ ദ്യുതിയും അമിയകുമാറും
മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ വനിതാ വിഭാഗത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദ് സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ ഒഡീഷയുടെ അമിയ കുമാര്‍ മാലിക്കിനാണ് സ്വര്‍ണം. അമിയകുമാറിനും മീറ്റില്‍ ഇരട്ട സ്വര്‍ണമാണ്. 11.48 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് ദുതി സ്വര്‍ണം നേടിയത്. 10.51 സെക്കന്റിലാണ് അമിയ കുമാര്‍ ഫിനിഷ് ചെയ്തത്.
100 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ ആന്ധ്രപ്രദേശിന്റെ ജ്യോതിഷ് കുമാര്‍ ദേബ്നാഥ് 10.57 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് വെള്ളിയും 10.60 സെക്കൻഡില്‍ ഫിനിഷ് ചെയ്ത മലയാളി താരം അനുരൂപ് ജോണ്‍ മൂന്നാമതും എത്തി. വനിതകളുടെ 100 മീറ്ററില്‍ 11.57 സെക്കൻഡില്‍ ഫിനിഷ് ചെയ്ത ഒഡീഷയുടെ ശ്രാബനി നന്ദയ്ക്കാണ് വെള്ളി. 11.68 സെക്കൻഡില്‍ ഫിനിഷ് ചെയ്ത മലയാളി താരം മെര്ലിന് കെ. ജോസഫ് മൂന്നാമതെത്തി.
ജാവലിനില്‍ പുതിയ റിക്കാര്‍ഡ്
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അന്നു റാണി 61.86 മീറ്റര്‍ എറിഞ്ഞ് പുതിയ ദേശീയ റിക്കാര്‍ഡിട്ടു. കഴിഞ്ഞ വര്‍ഷം സ്വന്തം പേരില്‍ കുറിച്ച 60.01ന്റെ ദേശീയ റിക്കാര്‍ഡാണ് അന്നു പട്യാലയില്‍ ഇത്തവണ തിരുത്തിയെറിഞ്ഞത്. ഈ വിഭാഗത്തില്‍ 58.47 മീറ്ററിന്റെ മീറ്റ് റിക്കാര്‍ഡും അന്നു റാണിയുടെ പേരിലാണ്.
റിക്കാര്‍ഡിട്ട് നിര്‍മല
വനിതകളുടെ 400 മീറ്ററില്‍ ഹരിയാനയുടെ ആര്. നിര്‍മല മീറ്റ് റിക്കാര്‍ഡോടു കൂടി സ്വര്‍ണം നേടി. 51.28 സെക്കൻഡില്‍ ഓടിയെത്തിയ നിര്‍മല 2002ല്‍ മലയാളി താരം കെ.എം ബീനാ മോളുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്. ഈയിനത്തില്‍ 52.70 സെക്കൻഡില്‍ ഓടിയെത്തിയ കര്‍ണാടകയുടെ പൂവമ്മയ്ക്കാണ് രണ്ടാം സ്ഥാനം. പശ്ചിമ ബംഗാളിന്റെ മജൂംദാര്‍ ദേബശ്രീക്കാണ് മൂന്നാം സ്ഥാനം.
ഡിസ്കസില്‍ സുവര്‍ണ പഞ്ചാബ്
വനിതകളുടെ ഡിസ്കസ് ത്രോയില്‍ 54.33 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ കമാല്‍പ്രീത് കൗര്‍ ബാല്‍ സ്വര്‍ണം നേടി. 53.86 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ തന്നെ സീമ പുനിയക്കാണ് വെള്ളി. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാട് താരങ്ങളായ പ്രേം കുമാര്‍ 14.34 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണവും 14.35 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സുരേഷ് വെള്ളിയും 14.52 സെക്കൻഡിലഫിനിഷ് ചെയ്ത് ടി. ബാലമുരുകന് വെങ്കലവും നേടി.
പട്യാലയില്‍ നിന്ന് സെബി മാത്യു