മല്ലപ്പള്ളി: തിരുവല്ല – മല്ലപ്പള്ളി റോഡിലെ നടയ്ക്കല്‍ പട്ടരുമഠം വളവ് അപകടക്കെണിയാകുന്നു. സ്ഥിരം അപകടമേഖലയായ വളവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പരേതനായ തോമസ് ചാക്കോയുടെ വീട്ടിലേക്ക് ഇടിച്ച് കയറി.
വീട്ടുകാര്‍ മുറ്റത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ മാത്രമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പത്തനാട് മുണ്ടത്താനം സ്വദേശി സിജുവിന് അപകടത്തില്‍ സാരമായി പരിക്കേറ്റു.
പത്തനാട്ട് നിന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. വാഹനങ്ങളുടെ അമിതവേഗവും വളവുമാണ് അപകടം ഉണ്ടാകാന്‍ പ്രധാന കാരണം.
മുമ്പും നിരവധി വാഹനങ്ങള്‍ ഈ വീടുകളുടെ മുറ്റത്തേക്ക് വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്തെ വേഗം നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുകയോ, റോഡ് സൈഡില്‍ അപകടസൂചന നല്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ.