ചിങ്ങവനം: നാട്ടകം ഇലക്ട്രിക്കൽ സെക്ഷനിൽ കരാർ വ്യവസ്ഥയിൽ വാഹനം ഓടിക്കുന്ന പാക്കിൽ സ്വദേശി അറയ്ക്കൽ പടിക്കൽ 49കാരനായ പോൾ തോമസിന് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ഇരയിൽകടവ് ബൈപാസ് റോഡിൽ നിന്ന് ലക്ഷങ്ങൾ അടങ്ങിയ പൊതി ലഭിച്ചത്.
മൂലേടത്തെ ഓഫീസിൽ നിന്നും കളക്ടറേറ്റിലെ ലൈറ്റ് ഹൗസിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്നു പോൾ. ഈരയിൽ കടവ് പാലത്തിനു സമീപം എത്തിയപ്പോൾ വഴിയിൽ ഒരു പൊതി കിടക്കുന്നതുകണ്ട് വണ്ടി തിരിച്ചു വെറുതെ ഒന്നു കാലു കൊണ്ട് തട്ടി നോക്കിയതാണ്.
വാഹനങ്ങൾ കയറിയിറങ്ങി ഒരു പരുവമായ പൊതി പരിശോധിച്ചതോടെ പണമാണെന്ന് മനസിലായി.
ഉടൻ തന്നെ ഓഫീസുമായി ബന്ധപ്പെട്ടു പണമടങ്ങിയ പൊതി പോലീസ് സ്റ്റേഷനിൽ എത്തിച്ചു ഉദ്യോഗസ്ഥർക്ക് കൈമാറി. അടയാള സഹിതം രേഖകളുമായി ചിങ്ങവനം പോലീസുമായി ബന്ധപ്പെടുന്ന ഉടമയ്ക്ക് പണം തിരികെ ലഭിക്കും.
ഗൾഫുകാരനായ കൂട്ടുകാരൻ വാങ്ങിയ നല്കിയ മാക്സിമോ വണ്ടി കെഎസ്ഇബിക്ക് വേണ്ടി 14 വർഷമായി കരാർ വ്യവസ്ഥയിൽ ഓടിക്കുകയാണ് പോൾ. ലോറികൾ എടുത്ത് കടം കയറി ജീവിതം വഴിമുട്ടിയപ്പോൾ കച്ചിത്തുരുന്പ് പോലെ ലഭിച്ചതാണ് ഈ വാഹനം.
ഇതുവരെയും ജീവിതം കരുപിടിപ്പിക്കാനായില്ലെങ്കിലും വഴിയിൽ കിടന്നു കിട്ടിയ പണം കൈക്കലാക്കാൻ പോളിന്റെ മനസ് അനുവദിച്ചില്ല. പാക്കിൽ നിന്നും ഭാര്യയും കുട്ടികളുമായി ഇപ്പോൾ മൂലേടത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.