വയനാട്: കാട്ടാന ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്കിടെ മരിച്ച പോളിന്റെ കുടുംബം വയനാട് മെഡിക്കൽ കോളജിനെതിരെ വീണ്ടും രംഗത്ത്. മൃതദേഹം വഹിച്ചുള്ള സമരവുമായി മുന്നോട്ട് പോകണമെന്നാണ് കരുതിയതെന്ന് പോളിന്റെ ഭാര്യ സാലി പറഞ്ഞു. തങ്ങൾക്ക് മറ്റെന്തിനെക്കാളും വലുതായിരുന്നു ഭർത്താവിന്റെ ജീവൻ എന്നുപറഞ്ഞശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അവർ പൊട്ടിക്കരയുകയായിരുന്നു.
‘ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോയേനെ. മരിച്ചുകഴിഞ്ഞിട്ടു ഞങ്ങൾ വിലപേശി കൊണ്ടു നടക്കേണ്ട കാര്യമില്ല. ഞങ്ങള്‍ക്കു പണവും സ്വത്തുമൊന്നും വേണ്ട. ഞങ്ങളുടെ ആളെ തിരിച്ചുകിട്ടിയാൽ മതി. പണമൊന്നും അതിനു മുന്നിൽ ഒന്നുമല്ല. ഇവിടുത്തെ മെഡിക്കൽ കോളജ് വെറുതെയാണ്.
ഇവിടെ മെഡിക്കൽ കോളജ് ഉണ്ടായിട്ട് എന്തിനാണു കോഴിക്കോട്ടേക്ക് അയച്ചത്? രോഗികളെ നന്നായിട്ടു നോക്കണം. ഡോക്ടർമാർ ഓരോ മിനിറ്റു കൊണ്ട് പത്തുപേരെ നോക്കിവിട്ടാലൊന്നും രോഗം മാറില്ല. വെറുതേ ചീട്ടെഴുതി വിടുകയാണ്’. സാലിയുടെ വാക്കുകൾ ഇങ്ങനെ.
ഈ ഗതി മറ്റാർക്കും ഇനി സംഭവിക്കരുതെന്നും പോളിന്റെ മകൾ സോന പറഞ്ഞു. ഒരു മെഡിക്കൽ കോളജിൽ നിന്ന് മറ്റൊരു മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത് എന്തൊരു ഗതികേടാണ്. വയനാട് മെഡിക്കൽ കോളജിൽ വേണ്ട സൗകര്യങ്ങളൊരുക്കണം. ചികിത്സ കിട്ടാതെ ആരും ഇനി മരിക്കരുതെന്നും സോന കൂട്ടിച്ചേർത്തു.