കോട്ടയം: സീസർക്കുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്… കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയ, ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ പോൾ ജോർജിന്റെ ശൈലിയാണിത്.
ഒരു ലീറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലീറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവയ്ക്കും.
ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്കു ചാരായം വിൽപന നടത്തിയിരുന്ന ആളാണ് പോൾ ജോർജ്.
ഇയാളുടെ വീട്ടിൽ നിന്നു 16 ലീറ്റർ ചാരായവും 150 ലീറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു.
മുന്പ് നിരവധി തവണ ഇയാളെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയാണ് പതിവ്.
ഇത്തവണ വ്ളോഗർമാരെന്ന വ്യാജേന എത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥർ പോൾ ജോർജിനെ പിടികൂടിയത്.