കോട്ടയം: പോള നിര്‍മാര്‍ജനത്തിന് പുതിയ മാതൃകയുമായി ഹരിത കേരളം മിഷന്. കായലില്‍ നിന്നും ആറുകളില്‍നിന്നും വാരുന്ന പോളകള്‍ ഹരിതകേരളം മിഷന് ചുമതലപ്പെടുത്തിയ തമിഴ്നാട്ടിലെ മധുരയിലുള്ള റോപ്പ് എന്ന മലയാളി സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഏറ്റെടുക്കുന്നത്.
ഇവിടെ സംസ്കരിക്കുന്ന പോളയില്നിന്നും പലക പോലെയുള്ള അസംസ്കൃത വസ്തുക്കള്‍, ചെരുപ്പുകള്‍, ബാഗുകള്‍, മാറ്റുകള്‍ എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്.
ലക്ഷ്യം വിദേശ വിപണി
വിദേശ വിപണി ലക്ഷ്യമിട്ടാണ് ഉത്പാദനം. കോട്ടയം ജില്ലയോടു ചേര്‍ന്നുകിടക്കുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍നിന്നാണ് ആദ്യ ഘട്ടത്തില്‍ പോളശേഖരണം ആരംഭിച്ചിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാരായുള്ള സ്ത്രീകളാണ് പോള ശേഖരിക്കുന്നത്. പോളയുടെ ഇലയും വേരും നീക്കം ചെയ്ത് ഓരോ കിലോയുടെ കെട്ടുകള്‍ ആക്കി അടുക്കുന്നു. ഈ പോളത്തണ്ടുകളാണ് കമ്പനിക്കു കൈമാറുന്നത്.
പോളത്തണ്ട് കൊണ്ടുപോകുന്ന കമ്പനി അതു വാരുന്ന തൊഴിലാളികള്‍ക്ക് കിലോയ്ക്ക് 10 രൂപ നിരക്കില്‍ കൂലി നല്കുന്നതിനാല് പഞ്ചായത്തിന് ഒരു രൂപയും ചെലവില്ലാതെ പോളശല്യം ഒഴിവായി കിട്ടും.
നീലംപേരൂര്‍ പഞ്ചായത്തില്‍നിന്നു മാത്രം ഇതിനകം 1,50,000 കിലോ പോളത്തണ്ടാണ് ഇപ്രകാരം നീക്കം ചെയ്തത്. 15 ലക്ഷം രൂപ ഒരു മുതല്മുടക്കുമില്ലാത്ത ഈ ഒരു തൊഴില്‍ സംരംഭത്തിലൂടെ നീലംപേരൂരിലെ തൊഴില്ക്കൂട്ടങ്ങള്ക്ക് ലഭിച്ചു.
പഞ്ചായത്ത് ഇതിനായി ഒരു തുകയും ചെലവഴിക്കാതെ പരിസ്ഥിതി പുനരുജ്ജീവനവും സാധ്യമായിരിക്കുകയാണ്.ജെസിബി ഉപയോഗിച്ച് പോളകള്‍ വാരിയെടുത്ത് വരമ്പത്തു വയ്ക്കുകയോ അല്ലെങ്കില്‍ മുറിച്ചു മുറിച്ചു കായലിലേക്ക് ഒഴുക്കി വിടുകയോ ചെയ്യുന്നതായിരുന്നു പതിവ്.
കേരളത്തിലെ ജലാശയങ്ങള്‍ നശിച്ചുപോകുന്നതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നായ പോളയെ ഒരു സാധ്യതയാക്കി മാറ്റി തൊഴിലവസരങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ബദല്‍ മാര്‍ഗവും സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ഹരിത കേരള മിഷനും.
നവകേരളം മിഷന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, നദീ സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ. മേനോന്, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് മേധാവി ഡോ. പുന്നന്‍ കുര്യന് വേങ്കിടത്ത്, ഹരിത കേരളം മിഷന് സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ സതീഷ് ആര്. വി, രാജേന്ദ്രന് നായര്‍, ഹരിത കേരളം മിഷന് സംസ്ഥാന അസി. കോ ഓര്‍ഡിനേറ്റര്‍മാരായ ടി.പി. സുധാകരന്, ഏബ്രഹാം കോശി, ജനകീയ കൂട്ടായ്മ അംഗം മുഹമ്മദ് സാജിദ് തുടങ്ങിയവര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.