കോട്ടയം: ഇന്ത്യയിൽ ആദ്യമായൊരു മാർപാപ്പ കാലുകുത്തിയതിന്റെ അറുപതാം വാർഷിക ദിനമാണ് ഇന്ന്. 1964 ഡിസംബർ രണ്ടിനു 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനായി മുംബൈയിൽ പോൾ ആറാമൻ മാർപാപ്പ എത്തിയത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം ക്രൈസ്തവ സമൂഹത്തിലും മതാന്തര ബന്ധങ്ങളിലും മായാത്ത മുദ്ര പതിപ്പിച്ചു.
പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പരസ്പരധാരണയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
ബോംബെയിൽ മാർപാപ്പയ്ക്കു ലഭിച്ചതു പോലുള്ള ഒരു ഗംഭീര സ്വീകരണം ലോകത്തിൽ ഒരു രാഷ്ട്രത്തലവനും ഒരുകാലത്തും ഒരുരാജ്യത്തും ലഭിച്ചിട്ടില്ലെന്നു ദേശീയവും അന്തർദേശീയവുമായ പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.”വന്നു, കണ്ടു, കീഴടക്കി’എന്ന് ഒരു ദേശീയപത്രം ലീഡ് വാർത്ത എഴുതി.
മാർപാപ്പ ഇന്ത്യൻ ജനതയോട് പറഞ്ഞു; “കേവലം വിനോദ സഞ്ചാരിയെപ്പോലെയല്ല; ദൈവത്തെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന തീർഥാടകനെപ്പോലെ നമുക്ക് ഒരുമിച്ചുകൂടാം. കല്ലും കുമ്മായവും കൊണ്ടു നിർമിച്ച മന്ദിരങ്ങളിലല്ല ഹൃദയങ്ങൾകൊണ്ട് നിർമിച്ച സ്നേഹത്തിന്റെ കൂടാരങ്ങളിൽ നമുക്കൊരുമിക്കാം”.
പോപ്പ് പോൾ ആറാമന്റെ ഇന്ത്യാ സന്ദർശനം ചരിത്രപ്രാധാന്യമുള്ളതായിരുന്നു. മാർപാപ്പമാർ വത്തിക്കാനിൽ തടവുകാരായി കഴിയുന്നു എന്നൊരു ചൊല്ലുതന്നെ ഉണ്ടായിരുന്നു. ഇതു തിരുത്തിയാണ് റോം വിട്ട് ഭാഗ്യസ്മരണാർഹനായ ജോൺ ഇരുപത്തിമൂന്നാമൻ അസീസി, ലോറേത്തോ എന്നീ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചത്.
പിൻഗാമിയായ പോൾ ആറാമൻ 1964 ജനുവരിയിൽ വിശുദ്ധനാട് സന്ദർശിച്ചു. അതേവർഷം ഡിസംബറിൽ ഇന്ത്യയിലേക്ക് യാത്ര തിരിച്ചുകൊണ്ട് മാർപാപ്പമാരുടെ ലോകസഞ്ചാരയാത്രകൾക്ക് പുതിയൊരു അധ്യായം എഴുതിച്ചേർത്തു. സന്ദർശനം പൂർത്തീകരിച്ച മാർപാപ്പ റോമിൽ തിരികെ എത്തിയശേഷം ഇന്ത്യയെക്കുറിച്ച് ആദരവോടെ സംസാരിച്ചു.
അദ്ദേഹം പറഞ്ഞു:”ആ ജനക്കൂട്ടത്തിൽ മഹനീയമായ, ചിരപുരാതനമായ സംസ്കാരപാരമ്പര്യങ്ങളാൽ തിരിച്ചറിയപ്പെടുന്ന ഒരു മാനവരാശിയെയാണ് ഞാൻ അവിടെ കണ്ടത്. അവരെല്ലാം ക്രൈസ്തവരായിരുന്നില്ല. പക്ഷേ അഗാധമായ ആത്മീയചൈതന്യമുള്ളവരായിരുന്നു”. സഹോദര്യത്തിന്റെയും ഇന്ത്യയോടുള്ള മതിപ്പിന്റെയും അടയാളമായി തന്റെ ഇന്ത്യാ സന്ദർശനത്തെ കാണണമെന്നായിരുന്നു മാർപാപ്പയുടെ ആഗ്രഹം.
മാത്യു ആന്റണി