കൊച്ചി: ജന്മദിനങ്ങള് വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കണം എന്ന നിലപാടുകാരനാണ് മരടിലെ പടിഞ്ഞാറേ ക്കരയില്‍ വീട്ടില്‍ പി.എ.പോള്‍. അതിനാലാണ് തന്റെ 62–ാം ജന്മദിനം 62 മൈല്‍ ഓടി അവിസ്മരണീയമാക്കാന്‍ പോള്‍ തീരുമാനിച്ചത്. ഇന്നു വൈകുന്നേരം നാലിന് മരടിലെ ഫാ.ജോര്‍ജ് വാകയില്‍ റോഡിലെ പടിഞ്ഞാറേക്കരയില്‍ വീട്ടില്‍ നിന്നു പോള്‍ ഓട്ടം തുടങ്ങും.
മരട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിവ്യാ അനില്‍ കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. പോള്‍ എറെക്കാലം ജോലി ചെയ്തിരുന്ന വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലേക്കാണ് ഓട്ടം തുടങ്ങുക. തുടര്‍ന്ന് മരട,് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം വഴി ജന്മസ്ഥലമായ കോതമംഗലം ലോവര്‍ പെരിയാറിനടുത്ത് നീണ്ടപാറയില്‍ 30ന് ഉച്ചയ്ക്ക് ഒന്നിന് ഓട്ടം അവസാനിക്കും.
2014 ല്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പദവിയിലാണ് പോള്‍ പടിഞ്ഞാറേക്കര വിരമിച്ചത്. വിരമിച്ചശേഷം നിരവധി മാരത്തോണുകളില്‍ ഓടി റിക്കാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2016 ജനുവരിയില്‍ മാത്രം നാല് ഫുള്‍ മാരത്തോണ്‍ ഓടി തീര്‍ത്തിട്ടുണ്ട് ഇദ്ദേഹം. ഒരു ഫുള്‍ മാരത്തോണ്‍ ഓടിക്കഴിഞ്ഞാല് ഒരു മാസമോ ഒരാഴ്ചയോ വിശ്രമം ആവശ്യമാണെന്നിരിക്കെയാണിത്.
2013 ല്‍ കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ മാരത്തോണാണ് പോള്‍ ആദ്യമായി പങ്കെടുത്ത അന്തര്‍ദേശീയ മത്സര ഓട്ടം. എറണാകുളത്തെ പ്രശസ്ത റണ്ണിംഗ് ഗ്രൂപ്പായ സോഴ്സ് ഓഫ് കൊച്ചിന്റെ സജീവാംഗവുമാണ് പോള്‍. 2016 മേയില്‍ സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അ്തലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രിതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. സുജാ പോള്‍ ആണ് ഭാര്യ. മക്കള്‍: ടോം, ജെറി, മെറിന്.