മലയാറ്റൂർ: കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച കൊറ്റമം സ്വദേശിയായ സാമൂഹ്യപ്രവർത്തക പൗളിന്റെ (58) മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നു ബന്ധുക്കൾ. കൊറ്റമം ചുണ്ടങ്ങ ജോസിന്റെ ഭാര്യയാണ് പൗളിൻ. കഴിഞ്ഞ ഒൻപതിന് കോയന്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ 12നു രാവിലെ പൗളിൻ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.
സാമൂഹ്യ പ്രവർത്തകയായ പൗളിൻ കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത സെക്രട്ടറിയാണ്. കോയന്പത്തൂരിൽ എന്തിനാണ് പോയതെന്നു ബന്ധുക്കൾക്ക് അറിവില്ല. ബൈക്കിനു പുറകിലിരുന്നു സഞ്ചരിക്കുന്പോഴാണ് അപകടം നടന്നതെന്നാണു കോയന്പത്തൂർ പോലീസ് നൽകിയ വിവരം. ശരീരത്തിന്റെ പല ഭാഗങ്ങളിലും വിവിധ ആകൃതിയിലുള്ള മുറിവുകളുണ്ട്. ഇവ വാഹനാപകടത്തിൽ ഉണ്ടാകുന്ന വിധത്തിലുള്ള മുറിവുകളല്ലെന്നു ബന്ധുക്കൾ പറയുന്നു.
പൗളിന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നു. എന്നാൽ അപകടം നടന്ന ഉടൻ ബന്ധുക്കളെ അറിയിക്കാതെ മരിച്ചപ്പോൾ മാത്രമാണ് അറിയിച്ചത്. ശരീരത്തിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ സംശയിക്കുന്നു. കോയന്പത്തൂരിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്കും റോജി എം. ജോണ് എംഎൽഎയ്ക്കും പരാതി നൽകുന്നതിനൊപ്പം ആലുവ റൂറൽ എസ്പിയുടെ നിർദേശപ്രകാരം കോയന്പത്തൂർ എസ്പിക്കും പരാതി നൽകും.