ചെറുപുഴ: പാവല്‍ക്കൃഷിയില്‍ ഒരു മാതൃകാ കര്‍ഷകനാണ് തിരുമേനി മുതുവത്തെ വെളിയത്ത് ജോണ്സണ്. ചെറുപുഴ കൃഷിഭവന് പരിധിയിലെ പ്രദര്‍ശനത്തോട്ടമായി ജോണ്‍സണിന്റെ പാവല്‍ത്തോട്ടം തെരഞ്ഞെടുത്തിരിക്കുകയാണ്. പാട്ടത്തിനെടുത്ത 40 സെന്റ് സ്ഥലത്ത് പൊന്നുവിളയിക്കുകയാണ് ഈ യുവകര്ഷകന്. ഏറ്റവും ചെലവു കുറഞ്ഞ കൃഷിരീതിയാണ് ജോണ്സണ് നടത്തുന്നത്.40 സെന്റിലെ പാവല്‍ക്കൃഷിയും ഇയാളുടെ സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. മറ്റൊരാളുടെ യാതൊരു സഹായവും ജോണ്സണ് തേടിയിട്ടില്ല. പന്തലിട്ടതു പോലും ഒറ്റയ്ക്ക്. പന്തലിന് കമ്പി ഉപയോഗിക്കുന്നതു ചെലവു കൂട്ടുമെന്നതിനാല്‍ കേര വള്ളിയാണ് ഉപയോഗിച്ചത്.
മികച്ച ക്ഷീര കര്‍ഷകനുമാണ് ജോണ്സണ്. നാലു പശുക്കളുമുണ്ട്. ഇവയുടെ ചാണകമാണ് കൂടുതലും വളമായി ഉപയോഗിക്കുന്നത്. കൂടാതെ എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, കോഴിവളം എന്നിവയും ഉപയോഗിക്കുന്നുണ്ട്. കായീച്ചയ്ക്ക് ഫിറമോണ്‍ കെണിയുമാണ് തോട്ടത്തിലുള്ളത്. നേരിയ തോതില്‍ രാസവളവും ഉപയോഗിക്കുന്നതായി ജോണ്സണ് തുറന്നു പറയുന്നു.തോട്ടത്തില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ക്വിന്റല്‍ പാവയ്ക്ക വിളവെടുക്കുന്നുണ്ട്. കിലോയ്ക്ക് 32 രൂപ വരെ വില ലഭിക്കുന്നു.
ഇതിനു തൊട്ടടുത്തായി പയറും നട്ടുകഴിഞ്ഞു. വീടിനു സമീപം കോവല്‍ കൃഷിയുമുണ്ട്. മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പ, വാഴ, പച്ചക്കറി എന്നിവ നടാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. കണ്ണൂരില്‍ നടന്ന പൊലിക മേളയില്‍ ഏറ്റവും മികച്ച കപ്പ കര്‍ഷകനായി ജോണ്‍സനെ തെരഞ്ഞെടുത്തിരുന്നു. ജോണ്സണ് പച്ചക്കറി കൃഷിയില്‍ സജീവമായിട്ട് 10 വര്‍ഷമായി. ഭാര്യ മഞ്ജുവാണ് വീടിനു സമീപത്തെ കൃഷികള്‍ നോക്കി നടത്തുന്നത്. ചെറുപുഴ കൃഷി ഓഫീസര്‍ ജയരാജന് നായരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തന്റെ കൃഷിക്ക് ഏറെ ഗുണകരമായിട്ടുണ്ടെന്നും ജോണ്സണ് പറഞ്ഞു. ഫോണ്‍: 9847218534.