തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. യമൻ തീരത്തു നിന്ന് 470 കിലോമീറ്റർ അകലെയാണ് ‘പവൻ’ ചുഴലിക്കാറ്റ്. സൊമാലിയൻ തീരത്തേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു നിഗമനം.
കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്കയാണ് പവൻ എന്ന പേര് നിർദേശിച്ചത്. ഈ സീസണിൽ അറബിക്കടലിൽ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ‘പവൻ’. സമുദ്രോപരിതല താപനില വർധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
അതേസമയം, ലക്ഷദ്വീപിന് സമീപം മറ്റൊരു ന്യൂനമർദം രൂപപ്പെട്ടിരുന്നു. മുംബൈയിൽ നിന്ന് 690 കിലോമീറ്റർ അകലെയാണിത്. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.