മെക്സിക്കോ നഗരത്തിനു തെക്ക് മാറിയാണ് ലാ ഇസ്ലാ ഡെ ലാസ് മുനെകാസ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത്.
പാവകളുടെ ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ദ്വീപിൽ ആയിരക്കണക്കിന് തൂക്കിയിട്ട, അഴുകിയ, ശിരച്ഛേദം ചെയ്ത പാവകളെ കാണാം.
അവിടെ ഉപേക്ഷിച്ച പാവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പാവകളെ തട്ടിയിട്ടു നടക്കാൻ മേലെന്നു നാട്ടുഭാഷയിൽ പറയാം.
ഭയാനകം
ആകെ ഒരുതരം ഭയാനകത നിറഞ്ഞതാണ് ഇവിടെയുള്ള കാഴ്ചകൾ. മഴയും വെയിലുമേറ്റു നിറം നഷ്ടപ്പെട്ട, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നു തൂങ്ങിക്കിടക്കുന്ന പാവകളാണ് എങ്ങും.
ചിലത് വലുതാണെങ്കില്‍ ചിലത് ചെറുത്. ചിലത് ചോര നിറത്തിലുള്ളതാണെങ്കില്‍ മറ്റു ചിലത് ചെതുമ്പലു പിടിച്ചതാണ്.
ചില പാവകള്‍ മരങ്ങളില്‍ തലമുടിയിഴകളില്‍ തൂങ്ങിക്കിടക്കുകയായിരിക്കും. ചില പാവകളുടെ കണ്ണുകളില്‍നിന്നും മൂക്കുകളില്നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നുണ്ടാകും.
ചിലതിനു കോമ്പല്ലുകളായിരിക്കും. വല്ലാതെ ഭയപ്പെടുത്തുന്നതാണ് ഇവയോരോന്നും.
പാവകൾ വന്ന വഴി
ഈ ദ്വീപിൽ എങ്ങനെയാണ് ഇതിനുംമാത്രം പാവകൾ എത്തിയത്. ആരാണ് ഇതിനെല്ലാം പിന്നിൽ. ആ കഥയിലേക്കൊരു യാത്ര പോകാം..
മെക്സിക്കോയില്‍ തന്നെയുള്ള ഡോൺ ജൂലിയൻ സാന്റാന ബാരേര എന്ന ആര്ടിസ്റ്റാണ് ഈ പാവകളുടെ ദ്വീപിന്റെ ഉടമസ്ഥൻ. ദ്വീപിലെ ഏക താമസക്കാരൻ.
1970 കളിലാണ് ബാരേര ഈ ദ്വീപിലെത്തിച്ചേര്‍ന്നത്. കാമുകിയുമായി പിരിഞ്ഞ ഇയാള്‍ ഒറ്റയ്ക്കു താമസിക്കാനാണ് ഇവിടെയെത്തിയതെന്നാണു കരുതുന്നത്.
ദ്വീപില്‍ പച്ചക്കറികളും പൂക്കളുമൊക്കെ കൃഷി ചെയ്തു പട്ടണത്തില്‍ കൊണ്ടു പോയി വിറ്റായിരുന്നു ബാരേരയുടെ ജീവിതം. ആരോടും മിണ്ടാതെയും സൗഹൃദത്തിലാവാതെയും അയാളവിടെ ഏകാന്തവാസം നയിച്ചു.
ആ പെൺകുട്ടി
മരം കൊണ്ടുണ്ടാക്കിയതായിരുന്നു അയാളുടെ വീട്. ഒരു ദിവസം, ബാരേര നടക്കാനിറങ്ങിയതായിരുന്നു.
അപ്പോഴാണ് മുങ്ങിമരിച്ച നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം തീരത്തു കാണാൻ ഇടയായത്.
എവിടെ നിന്നെത്തി എന്നറിയാത്ത, ആരുടേതാണെന്നറിയാത്ത ഒരു മൃതദേഹം. ആ പെൺകുട്ടിയോടൊപ്പം അവളുടെതന്നെ ഒരു പാവയും ഉണ്ടായിരുന്നു.
(തുടരും)
(തയാറാക്കിയത് : നിയാസ് മുസ്തഫ)