ന്യൂഡൽഹി: വാഹനപരിശോധനയ്ക്കിടെ ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ ലഭ്യമായ ഡ്രൈവിംഗ് ലൈസൻസുകളും, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അംഗീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം.
രേഖകൾ കടലാസ് രൂപത്തിലുള്ളതു മാത്രമേ അംഗീകരിക്കുവെന്ന നിലപാട് വേണ്ടെന്ന നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത.് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിലേക്ക് ഡ്രൈവിങ് ലൈസൻസുകളും, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും സംയോജിപ്പിക്കുന്നതോടെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസും, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കൈവശം വയ്ക്കേണ്ട ആവശ്യമുണ്ടാകില്ല.
വാഹന പരിശോധന നടത്തുന്ന സമയത്ത് ആപ്പിലുള്ള ഡ്രൈവിങ് ലൈസൻസും, മറ്റ് രേഖകളും പരിശോധനയ്ക്കായി സമർപ്പിക്കാം. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഉദ്യോഗസ്ഥന് വിവരങ്ങൾ ലഭ്യമാകും. എം പരിവാഹൻ ആപ്പ് ആൻഡ്രോയിഡ് ഒാപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമേ ഇപ്പോൾ പ്രവർത്തിക്കൂ. ഐഫോൺ വേർഷൻ 10 ദിവത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.