എക്കാലത്തെയും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലാണ് നാടോടിക്കാറ്റിലെ പവനായിയുടെ സ്ഥാനം. ക്യാപ്റ്റന്‍ രാജു അധോലോകനായകനായി തകര്‍ത്തഭിനയിച്ച കഥാപാത്രം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമയുടെ ഷൂട്ടിംഗിനു മുമ്പ് മമ്മൂട്ടി പവനായിയെ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന് ലാല്‍ വെളിപ്പെടുത്തുന്നു.
ശ്രീനിവാസന് തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിൻ്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിൻ്റേതായിരുന്നു. കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്.
കഥ ഇഷ്ടപ്പെട്ടതിനാല് അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്.
ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു” -ലാല്‍ പറഞ്ഞു. പിന്നീട് സത്യന് അന്തിക്കാടാണ് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്. പവനായി അങ്ങനെ എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറിയെന്നും ലാല്‍ പറഞ്ഞു.