പാവറട്ടി: സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ മൂന്നു ഭണ്ഡാരങ്ങൾ പൊളിച്ചു മോഷണം. കാൽലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നിട്ടുള്ളത്. ദേവാലയത്തിനു പിറകിലെ സങ്കീർത്തിയുടെ വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്നാണ് മോഷണം.
ദേവാലയത്തിനുള്ളിലെ തിരുകുടുംബ തിരുസ്വരൂപത്തിനു മുന്നിലുള്ള ഭണ്ഡാരം, അൾത്താരയിലെ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തോടു ചേർന്നുള്ള ഭണ്ഡാരം, അന്നിദപെട്ടി എന്നിവയുടെ പൂട്ട് തകർത്താണ് മോഷണം. പള്ളിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ തിരിച്ചു വച്ചും മറച്ചുവച്ചുമാണ് മോഷണം നടത്തിയിട്ടുള്ളത്. സി.സി.ടി.വി.കാമറകളെ കന്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്ന കേബിളുകളും നശിപ്പിച്ചിട്ടുണ്ട്.
പള്ളിക്ക് ഉള്ളിൽനിന്ന് ശബ്ദം ഉണ്ടായതിനെതുടർന്ന് ദേവാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ജനൽവഴി അകത്തേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ അകത്തു മോഷ്ടാവിനെ കണ്ടതായി പറയുന്നു. ജീവനക്കാരൻ ഉടൻതന്നെ വിസിൽ അടിക്കുകയും വികാരിയച്ചനെ വിവരം അറിയിക്കുകയുമായിരുന്നു.
ഇതിനിടെ മോഷ്ടാവ് പിറകുവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ഗുരുവായൂർ എ.സി.പി, പാവറട്ടി എസ്ഐ അനിൽകുമാർ, വിരലടയാള വിദഗ്ധർ, ഷാഡോ പോലീസ്, ഡോഗ് സ്ക്വാഡ് എന്നിവർ ഉച്ചയ്ക്ക് പരിശോധനകൾക്കായി ദേവാലയത്തിലെത്തും. മുരളി പെരുനെല്ലി എംഎൽഎ, മുൻ എംഎൽഎ പി.എ.മാധവൻ തുടങ്ങിയവരും തീർത്ഥകേന്ദ്രത്തിലെത്തി.
ദേവാലയത്തിലെ സിസിടിവി കാമറകൾ പരിശോധിച്ചതിൽനിന്നും തലമൂടുന്ന മഴക്കോട്ട് ധരിച്ച മോഷ്ടാവിനെ കാണാൻ കഴിഞ്ഞു. മോഷ്ടാവിനെ പിടികൂടുന്നതിന് പോലീസ് ഉൗർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.