തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ യുവാക്കളെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മീരാൻകടവ് സ്വദേശി പവിൻ പ്രകാശ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ നിഖിൽരാജ്, പ്രവീണ്‍ എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു.
പവിൻ പ്രകാശിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം കീഴാറ്റിങ്ങൽ വിളയിൽമൂലയ്ക്ക് സമീപം വച്ച് പ്രദേശവാസികളായ അഞ്ച് യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
പരിക്കേറ്റ യുവാക്കളിൽ രണ്ട് പേരുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. പവിൻ പ്രകാശും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് പ്രദേശവാസികളായ യുവാക്കളെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച നാട്ടുകാരെയും അക്രമി സംഘം ആക്രമിച്ചിരുന്നു. കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.