ഇരിങ്ങാലക്കുട: ലോക്ഡൗണിൽ ബോട്ടിലിൽ ആർട്ടുകൾ ചെയ്ത പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടി.ഇരിങ്ങാലക്കുട മണ്ണാത്തിക്കുളത്തിനു സമീപം അനിഴം വീട്ടിൽ പ്രദീപ് മേനോന്റെയും സുസ്മിതയുടെയും മകളാണ് പവിത്ര.
പുറനാട്ടുകര കേന്ദ്ര വിദ്യാലയത്തിൽ 11-ാം ക്ലാസ് വിദ്യാർഥിയാണ്. ലോക് ഡൗണ് കാലത്താണു പവിത്ര ബോട്ടിലിൽ ആർട്ടുകൾ ചെയ്യാൻ തുടങ്ങിയത്. പാഴ് വസ്തുക്കൾ ഉപയോഗിച്ചു കഥകളിയുടെ പുരുഷ-സ്ത്രീ വേഷങ്ങൾ ബോട്ടിലിൽ ചെയ്തതിനാണ് അവാർഡ്.
ചിരട്ട, തെർമോകോൾ, കേക്കിന്റെ ബേസ്, ന്യൂസ് പേപ്പർ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചത്. കൂടാതെ കാൻവാസിൽ മനോഹരമായ ചിത്രങ്ങളും പവിത്ര വരക്കാറുണ്ട്.ആദ്യം കേക്കിന്റെ ബേസിലാണു ചിത്രങ്ങൾ വരച്ചുതുടങ്ങിയത്.
പിന്നീട് അതു കാൻവാസിലേക്കു മാറുകയായിരുന്നു. ചെറുപ്പത്തിൽതന്നെ ഡാൻസിൽ വളരെ താൽപര്യമുണ്ടായിരുന്നതിനാൽ മൂന്നു വയസു മുതൽ കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ മികവു തെളിയിക്കുകയും കുച്ചുപ്പുടിയിൽ ഹൈദരാബാദിൽ നിന്നും നാട്യബാല അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്. ഭാരത് സേവക് സമാജ് നാട്യപൂർണ ഡിപ്ലോമയും നേടിയിട്ടുണ്ട്.
കായിക രംഗത്ത് ഫുട്ബോൾ, ഖോഖോ എന്നിവയിൽ റീജിയണൽ തലത്തിൽ പോയിട്ടുണ്ട്. തുണികളിൽ മ്യൂറൽ പെയിന്റിംഗ്, പേപ്പറിൽ പെൻസിൽ ആർട്ട് എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്.
മോഹൽലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ദുൽക്കർ സൽമാൻ തുടങ്ങിയ നടന്മാരുടെ ചിത്രങ്ങൾ മനോഹരമായി പവിത്ര വരച്ചിട്ടുണ്ട്.
മുത്തശിമാരായ തൃശൂർ മോഡൽ ഗേൾസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഒ. ഭവാനി സുകുമാരൻ, പ്രകാശിനി സി. മേനോൻ, ഏക സഹോദരൻ ക്രൈസ്റ്റ് എൻജിനീയറിംഗ് വിദ്യാർഥി പ്രണവ് പി. മേനോൻ എന്നിവരാണു പവിത്രയുടെ ഈ കരവിരുതുകൾക്കു പ്രചോദനമായുള്ളത്.