കൊട്ടാരക്കര: പവിത്രയ്ക്ക് രാഷ്ട്രീയം അത്ര പിടിപാടുള്ള വിഷയമല്ല. പക്ഷേ അച്ഛൻ ജയിക്കണം അതിന് അച്ഛനോടൊപ്പവും ഒറ്റയ്ക്കും പവിത്ര പ്രചാരണ രംഗത്ത് ഇപ്പോൾ സജീവ സാന്നിധ്യമാണ്.
ആദ്യം കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം കണ്ട് അവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടഭ്യർഥിക്കുകയായിരുന്നു ചെയ്തിരുന്നത്.
അച്ഛൻ വയക്കൽ സോമന്റെ സ്വീകരണ പര്യടനം ആരംഭിച്ചതോടെ പ്രചാരണ വാഹനത്തിൽ കൊച്ചു പവിത്രയും അച്ഛനോടൊപ്പം കൂടി.
എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് യാത്ര. സ്വീകരണ കേന്ദ്രത്തിലെത്തിയാൽ വാഹനത്തിൽ നിന്നിറങ്ങി ഓരോരുത്തരോടും അച്ഛനു വേണ്ടി വോട്ടഭ്യർഥിക്കും.
സമപ്രായക്കാരോട് അവരുടെ വീട്ടിലെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കും. അതിരാവിലെ തുടങ്ങുന്ന സ്വീകരണ പര്യടനം അവസാനിക്കുന്നത് രാത്രിയിലാകും. ഈ സമയമത്രയും പവിത്ര അച്ഛനൊപ്പമുണ്ടാകും.
വാളകം മാർത്തോമ്മാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പവിത്ര നല്ലൊരു നർത്തകി കുടിയാണ്. അമ്മ വീണയും പ്രചരണ രംഗത്ത് സജീവമാണ്.