തലയോലപ്പറന്പ്: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ഗർഭിണി മരിച്ചു. കാർ ഓടിച്ചിരുന്ന ഭർത്താവിനെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറന്പ് പൊട്ടൻചിറ സുരഭിയിൽ നിപിൻ എസ്. കുമാറിന്റെ ഭാര്യയും ചേർത്തല വാരണം സ്വദേശി ഉത്തമന്റെ മകളുമായ പവിത്ര. കെ. ഉത്തമൻ (23) ആണ് മരിച്ചത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.20ന് തലയോലപ്പറന്പ് നൈസ് തിയേറ്ററിന് സമീപത്തായിരുന്നു അപകടം. എംജി യൂണിവേഴ്സിറ്റിയിൽ എംബിഎ രണ്ടാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു പവിത്ര. ഇവർ സഞ്ചരിച്ച കാർ വൈക്കത്തുനിന്നു തലയോലപ്പറന്പ് ഭാഗത്തേക്കു വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും കടുത്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രയേയും ഭർത്താവ് നിപിനെയും പുറത്തെടുത്തത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷംവിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പവിത്രയെ രക്ഷിക്കാനായില്ല.
കാലിനു സാരമായി പരിക്കേറ്റ നിവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുന്പാണ് നിപിനും പവിത്രയും വിവാഹിതരായത്. പവിത്ര ഒരു മാസം ഗർണിയായിരുന്നു.