തലശേരി: ചിറ്റാരിപ്പറമ്പിലെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ജി. പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിർണായക തെളിവ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചു.
പവിത്രനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച രക്തക്കറ പുരണ്ട ബൊലേറൊ ജീപ്പ് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
പാറാലിൽനിന്നു കസ്റ്റഡിയിലെടുത്ത ജീപ്പ് ധർമടം സ്റ്റേഷനിലെത്തിച്ച ശേഷം ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ജീപ്പിൽ രക്തക്കറ കണ്ടെത്തിയിട്ടുള്ളത്.
പവിത്രനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഈ ജീപ്പ് പിന്നീട് മറ്റൊരാൾക്കു വിൽപന നടത്തിയതായും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുറ്റസമ്മത മൊഴി
പടുവിലായി മോഹനൻ വധക്കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിടെ സുബീഷ് എന്ന കുപ്പി സുധീഷിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്നാണ് പവിത്രൻ വധക്കേസിൽ പ്രത്യേക അന്വഷണ സംഘത്തിനു സർക്കാർ രൂപം നൽകിയത്.
ഇതോടൊപ്പം എൻഡിഎഫ് പ്രവർത്തകൻ ഫസൽ, സിപിഎം പ്രവർത്തകൻ ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങളിലും കുപ്പി സുബീഷ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
ഫസൽ വധക്കേസിൽ സിബിഐ പുനഃരന്വേഷണം നടത്തുന്നതിനിടയിലാണ് പവിത്രൻ വധക്കേസിൽ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുള്ളത്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിൽ നിർണായക വഴിത്തിരിവാകാവുന്ന അന്വേഷണ പരമ്പരകളാണ് ക്രൈംബ്രാഞ്ചും സിബിഐ യും ഇപ്പോൾ നടത്തി വരുന്നത്.
ആ ശബ്ദം!
ഇതിനിടയിൽ പവിത്രൻ വധക്കേസിലെ മറ്റൊരു തെളിവായ കുപ്പി സുബീഷിന്റെ ശബ്ദമാണ് അന്വേഷണ സംഘത്തിന്റെ കൈയിലുള്ളത്.
ഇതിന്റെ പരിശോധനയ്ക്കായി കുപ്പി സുബീഷിനോടു ക്രൈബ്രാഞ്ചിനു മുൻപാകെ ഹാജരാകാൻ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ഇതേ ആവശ്യമുന്നയിച്ചു ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും സുബീഷ് ഹാജരായില്ല.
തുടർന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ആകാശവാണി ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുപ്പി സുബീഷിന്റെശബ്ദം ശേഖരിക്കുക.
തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. എഡിജിപി എസ്. ശ്രീജിത്ത്, എസ് പി മൊയ്തീൻ കുട്ടി എന്നിവരുടെ മേൽനോട്ടത്തിലാണ് പവിത്രൻ വധം അന്വേഷണം മുന്നോട്ട് പോകുന്നത്.
കൊല്ലപ്പെട്ട എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ സഹോദരന് അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഫസൽ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
കേസിലെ യഥാര്‍ഥ പ്രതികള്‍ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരന് കോടതിയെ സമീപിച്ചത്.
കൊലപാതകത്തിനു പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് മൊഴി നല്‍കിയിരുന്നതായി ഹർജിയില്‍ പറഞ്ഞിരുന്നു.
2006 ഒക്ടോബര്‍ 22നാണ് തലശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല ചെയ്യപ്പെടുന്നത്. പത്ര വിതരണത്തിനിടയിലാണ് ഫസലും പവിത്രനും കൊല്ലപ്പെട്ടത്.