വടകര: കവിയൂരിൽ അപകടത്തിൽ മരിച്ച ആദിയൂർ പുത്തലത്ത് താഴക്കുനി പവിത്രൻ (55) ഏറാമലയുടെ വേണുഗായകനായിരുന്നു. ലോട്ടറി കച്ചവടത്തിൽ വ്യാപരിക്കുന്പോഴും ചെന്നെത്തുന്ന സ്ഥലങ്ങളിൽ നാട്ടുകാർക്കു മുന്നിൽ തന്റെ ഓടക്കുഴൽ വായനയിലുള്ള വൈദഗ്ധ്യം പ്രകടമാക്കുന്നയാളായിരുന്നു പവിത്രൻ. പഴയതും പുതിയതുമായ ഗാനങ്ങൾ ശ്രുതിമധുരമായി ഓടക്കുഴലിലൂടെ വായിച്ച് കാണികളെ സന്തോഷിപ്പിക്കുമായിരുന്നു.പവിത്രന്റെ വേണുനാദത്തിനായി കാത്തിരിക്കുന്നവരും കുറവല്ല.
ഇരു കണ്ണിനും കാഴ്ചയില്ലെങ്കിലും നാട്ടിലെ മിക്കവാറും എല്ലാവരെയും തന്റെ അകക്കണ്ണിനാൽ മനസിലാക്കുമായിരുന്നു അദ്ദേഹം. ഒരിക്കൽ ഇടപഴകിയാലോ പവിയുടെ അടുത്തുനിന്നു ലോട്ടറി വാങ്ങിയാലോ പിന്നീട് ആ ശബ്ദം തിരിച്ചറിയാനുള്ള കഴിവായിരുന്നു പവിത്രന്റെ മുഖമുദ്ര.
നാട്ടുകാരെയെല്ലാം പേരെടുത്ത് ഉച്ചത്തിൽ അഭിസംബോധനചെയ്യുന്ന പവി ലോട്ടറി വില്പനക്കിടയിലാണ് ചൊക്ലിക്കടുത്ത് കവിയൂരിൽ ലോറി തട്ടി മരിക്കുന്നത്.