തളിപ്പറമ്പ്: അഞ്ചു കോടിയുടെ ഞെട്ടൽ വിട്ടുമാറാതെ ലോട്ടറിയടിച്ച ഭാഗ്യവാനെ അന്വേഷിച്ച് വില്പനക്കാരൻ പവിത്രൻ. ഇന്നലെ വൈകുന്നേരം പതിവുപോലെ ഇന്ന് വിൽക്കാനുള്ള ലോട്ടറിയെടുക്കാൻ തളിപ്പറമ്പിലെ വി.വി.വത്സരാജന്റെ ഉടമസ്ഥതയിലുള്ള തമ്പുരാൻ ലോട്ടറി ഏജൻസിയിലെത്തിയപ്പോഴാണ് താൻ വിൽപ്പന നടത്തിയ ടിക്കറ്റിനാണ് അഞ്ചു കോടിയുടെ മൺസൂൺ ബമ്പറിച്ച വിവരം മുയ്യം പള്ളിവയലിലെ പഴയ വീട്ടിൽ പി.വി.പവിത്രൻ അറിയുന്നത്.
രണ്ടു മാസം മുമ്പ് തന്റെ കൈയിലൂടെ കടന്നു പോയ ലോട്ടറി സ്വന്തമാക്കിയ ഭാഗ്യവാന്റെ മുഖം മനസിൽ തെരയുകയാണിപ്പോൾ പവിത്രൻ. പറശിനിക്കടവ് ക്ഷേത്ര പരിസരത്ത് നടന്ന് ലോട്ടറി വില്പന നടത്തുന്ന പവിത്രൻ വിറ്റ ലോട്ടറിയിൽ ഇതിന് മുമ്പ് 5000 രൂപയിൽ കൂടുതലുള്ള തുക സമ്മാനമിടിച്ചിട്ടില്ല.
ആശാരിപ്പണിക്കാരനായിരുന്ന പവിത്രൻ ജോലിക്കിടയിൽ വീണ് പരിക്കേറ്റതോടെയാണ് തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് ലോട്ടറിയെടുത്ത് വില്പന നടത്തി വന്നത്. കഴിഞ്ഞ ഒന്പത് വർഷമായി നടന്ന് ലോട്ടറി വിൽപ്പന നടത്തുകയാണ് പവിത്രൻ.
ഭാര്യയും ഡിഗ്രിക്കും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമുള്ള പവിത്രന് പറശിനിക്കടവ് ക്ഷേത്ര പരിസരത്ത് സ്വന്തമായി ഒരു ലോട്ടറി സ്റ്റാൾ സ്ഥാപിച്ച് ഇരുന്ന് വിൽപ്പന നടത്തണമെന്നത് മാത്രമാണ് ആഗ്രഹം. ഒന്നാം സമ്മാനമായ അഞ്ചു കോടി ടിക്കറ്റ് വില്പന നടത്തിയ മൊത്ത ഏജൻസിയായ തമ്പുരാൻ ലോട്ടറിയിൽ നിന്ന് വില്പന നടത്തിയ ക്രിസ്മസ് ന്യൂ ഇയർ ബമ്പറായ നാലുകോടിയുടെ സമ്മാനവും അടിച്ചിട്ടുണ്ട്.