തൃശൂർ: സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് എത്ര രൂപയ്ക്കാണെന്ന വിവരം പുറത്തുപറയാനാവില്ലെന്നു പോലീസ്.
ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട ഫയൽ പോലീസ് ആസ്ഥാനത്തെ കോണ്‍ഫിഡൻഷ്യൽ ബ്രാഞ്ചിന്റെ കീഴിലാണ്. കോണ്‍ഫിഡൻഷ്യൽ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നുമാണ് പോലീസിന്റെ നിലപാട്.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്കാണ് പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഡിഐജി എല്ലാ രഹസ്യമാണെന്നു മറുപടി നൽകിയത്.
ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തശേഷം എത്ര യാത്ര നടത്തിയെന്നും ആരൊക്കെ എന്ത് ആവശ്യങ്ങൾക്കായി യാത്ര നടത്തിയെന്നും വിവരാവകാശ നിയമമനുസരിച്ച് ചോദിച്ചിരുന്നു.
ഹെലികോപ്റ്റർ നക്സൽ ബാധിത പ്രദേശത്ത് ഉപയോഗിച്ചോ, ആഭ്യന്തര സുരക്ഷയ്ക്കായി ഉപയോഗിച്ചോ എന്നീ ചോദ്യങ്ങളും അഡ്വ. ഷാജി ഉന്നയിച്ചിരുന്നു.
20 മണിക്കൂർ വിമാനം പറത്താൻ പ്രതിമാസം 1.44 കോടി രൂപയാണു വാടകയെന്നു നേരത്തെ മാധ്യമങ്ങളിൽ വാർത്തയുണ്ടായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള പവൻ ഹൗസിൽനിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.