ഗൊല്ലപ്രോലു (ആന്ധ്രപ്രദേശ്): സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തന്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും നിരസിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.
ക്യാമ്പ് ഓഫീസ് നവീകരണവും അറ്റകുറ്റപ്പണികളും നടത്തരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു. പുതിയ ഫർണിച്ചറുകൾ വാങ്ങരുത്.
ആവശ്യമെങ്കിൽ അതെല്ലാം സ്വന്തമായി കൊണ്ടുവരും. താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിനു മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ സംസാരിക്കവെ ഉപമുഖ്യമന്ത്രി പറഞ്ഞു.
സൂപ്പർതാരവും രാഷ്ട്രീയപ്രവർത്തകനുമായ ചിരഞ്ജീവിയുടെ ഇളയസഹോദരനാണ് 55കാരനായ കോണിദെല കല്യാൺ ബാബു എന്ന പവൻ കല്യൺ. ജനസേന പാർട്ടിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്.
നടൻ, സംവിധായകൻ, തിരക്കഥകൃത്ത്, സ്റ്റണ്ട് കോർഡിനേറ്റർ എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന അദ്ദേഹത്തെ തെലുങ്കിലെ “പവർ സ്റ്റാർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.