വടകര: കടത്തനാടിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന പയംകുറ്റിമല വികസനകുതിപ്പില്‍. 2.15 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്കി. വ്യൂ ടവര്‍ പ്ലാറ്റ്ഫോം, ചുറ്റുമതില്‍, റോഡ്, സൗന്ദര്യവത്കരണം, നിലം ടൈല്‍ പാകല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തി എന്നിവക്കാണ് തുക അനുവദിച്ചത് . ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തയാറാക്കിയത്.
മലയിലെത്തുന്നവര്ക്ക് അസ്തമയം ഉള്‍പ്പെടെയുള്ള പ്രകൃതിദൃശ്യങ്ങള്‍ കാണാനുള്ള കേന്ദ്രമാണ് വ്യൂ ടവര്‍. നിലവില്‍ ഇവിടെയുള്ള ടവര്‍ ഉയരംകൂട്ടി മനോഹരമാക്കും. മലയുടെ പടിഞ്ഞാറുഭാഗത്ത് ചുറ്റുമതില്‍ കെട്ടി വിളക്കുകാലുകള്‍ സ്ഥാപിക്കുന്ന മറ്റൊരു പദ്ധതിയും ഉണ്ട്. മലയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് കിഴക്കുഭാഗത്തേക്ക് മാറ്റാനാണ് തീരുമാനം. ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, പുല്ല്, ചെടികള്‍ എന്നിവ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ സൗന്ദ്ര്യവ്തകരണ പദ്ധതികളും ഉണ്ടാകും.
പയംകുറ്റി മല ടൂറിസം വികസനസമിതി തയാറാക്കിയ പദ്ധതി ടൂറിസം ഡയരക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ടൂറിസം വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഈ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതുപ്രകാരം പദ്ധതി നടപ്പാക്കുന്ന സ്ഥലം ടൂറിസം വകുപ്പിന് രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനുള്ള നടപടികള്‍ തുടങ്ങി. ടൂറിസം വകുപ്പുതന്നെയാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. ഈ വികസന പ്രവൃത്തിയുടെ ശിലാസ്ഥാപനം നവംബര്‍ 28ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. പരിപാടി വിജയിപ്പിക്കുന്നതിനു വിപുലമായ സംഘാടക സമിതിക്കു രൂപം നല്കി.