കോട്ടയം: കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്ക് കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസ് ഇനിയും വൈകും. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ ബോട്ട് സർവീസ് ആരംഭിക്കുകയുള്ളു. ചുങ്കത്ത് മുപ്പത് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും മറ്റു ചെറിയ രണ്ടു പാലങ്ങളുടെ അറ്റകുറ്റപ്പണികൾ തീരാനുണ്ട്.
മാത്രമല്ല കൊടൂരാറ്റിൽ ഇപ്പോൾ പോളയും പായലും നിറഞ്ഞതോടെ ബോട്ട് യാത്ര ദുഷ്കരമായിരിക്കുകയാണ്. തിരുവാർപ്പ് പഞ്ചായത്ത് കൊടൂരാറ്റിലെ പോള വാരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ജില്ലാ പഞ്ചായത്തിന്റെ പോള വാരൽ മെഷീൻ ഉപയോഗിച്ച് പോള വാരാനാണ് തീരുമാനം. കാഞ്ഞിരം മുതൽ പടിഞ്ഞാറോട്ട് കായൽവരെ തോട്ടിൽ വൻ തോതിൽ പോളയും പായലും അടിഞ്ഞു കൂടിയിട്ടുണ്ട്.
വേലിയേറ്റ സമയത്ത് കായലിൽ നിന്ന് പോള കൊടൂരാറ്റിലേക്ക് കയറുന്നുണ്ട്. ഇത് നീക്കം ചെയ്താലേ ബോട്ട് യാത്ര സുഗമമാവുകയുള്ളു. ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ തിരുവാർപ്പ് പഞ്ചായത്തിന്റെ വിവിധ തോടുകളിലെ പോളയും പായലും നീക്കം ചെയ്യുന്നുണ്ട്.
ഇതിനു പുറമെയാണ് ജില്ലാ പഞ്ചായത്തിന്റെ മെഷീൻ ഉപയോഗിച്ച് പോള വാരുന്നത്. കൊടൂരാറ്റിലെ പോള വാരൽ കൂടി പൂർത്തിയായ ശേഷമാവും ബോട്ട് സർവീസ് ആരംഭിക്കുക. കോട്ടയത്തു നിന്ന് ആലപ്പുഴയക്കുള്ള ബോട്ട് ഇപ്പോൾ പള്ളം വഴിയാണ് സർവീസ് നടത്തുന്നത്.
പള്ളം വഴിയുള്ള തോട്ടിലും പായലും പോളയും നിറഞ്ഞിട്ടുണ്ട്. വേനൽ കടുത്തതോടെ ആറ്റിലെ ജലനിരപ്പും ക്രമാതീതമായി കുറയുകയാണ്. ഇതും ബോട്ട് സർവീസിനെ ദോഷകരമായി ബാധിക്കാനാണ് സാധ്യത. ആറ്റിൽ പലയിടത്തും ജലനിരപ്പ് ഒരു മീറ്ററായി കുറഞ്ഞതാണ് ബോട്ട് സർവീസിനെ ആശങ്കിയിലാഴ്ത്തുന്നത്.