കോട്ടയം: പോളയും പായലും മാലിന്യങ്ങളും അടിഞ്ഞുകൂടി ശ്വാസംമുട്ടി മീനച്ചിലാറ്. മീനച്ചിലാറിന്റെ കുടമാളൂർ ഭാഗത്ത് പോളയും പായലും അടിഞ്ഞു കൂടി ഒഴുക്കു തടസപ്പെട്ടതായി പരാതി ഉയരുന്നു.
മാസങ്ങൾക്കു മുന്പു കുടമാളൂർ ഭാഗത്ത് ആറ്റിലേക്കു പതിച്ച രണ്ടു മരങ്ങളും ഇതിനോടു ചേർന്നു. പോളയും പായലും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടിയതോടെ ആറിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടു. കുടമാളൂർ തെക്കേടത്ത് മനയ്ക്ക് സമീപം ഏതാണ്ട് 700 മീറ്ററോളം സ്ഥലത്താണ് പോളയും പായലും അടിഞ്ഞു കൂടിയിരിക്കുന്നത്.
പഞ്ചായത്ത് അധികൃതർക്ക് ഉൾപ്പെടെ പരാതി നല്കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ആർപ്പുക്കര, അയ്മനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഇവിടെ. ഇതിനു താഴെയായി ആറ്റിലേക്കുള്ള ഓരുവെള്ളം തടയുന്നതിനായി ബണ്ട് കെട്ടിയിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുന്പു അധികൃതർ ജെസിബി എത്തിച്ച് ബണ്ട് പൊളിച്ചു മാറ്റി. ഈ സമയത്ത് ആറ്റിലേക്ക് ഒടിഞ്ഞു വീണ മരങ്ങളും പോളയും പായലും നീക്കം ചെയ്യാനും അധികൃതർ തയാറായില്ല. മരങ്ങളും പോളയും പായലും അടിഞ്ഞു കിടക്കുന്നതിനാൽ മീനച്ചിലാറ് പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
അടിയന്തരമായി അധികൃതർ ഇടപെട്ട് ആറ്റിലെ മരങ്ങളും പോളയും പായലും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് കൈരളി സ്ട്രീറ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.പി. രമേശ് കുമാർ ആവശ്യപ്പെട്ടു.