ബോളിവുഡിനൊപ്പം തെലുങ്കിലും സജീവമായ നടിയാണ് പായല്‍ ഘോഷ്. ബോളിവുഡില്‍ മീടൂ ആരോപണങ്ങള്‍ ശക്തമായ ഘട്ടത്തിലാണ് പായൽ വാര്‍ത്തയിൽ ഇടം നേടുന്നത്. സംവിധായകന് അനുരാഗ് കശ്യപ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി പായല്‍ രംഗത്ത് വന്നിരുന്നു. ഈ ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പായലിന്റെ ആരോപണം വ്യാജമാണെന്ന് വാദിച്ച് അനുരാഗ് കശ്യപും രംഗത്തു വന്നിരുന്നു. എന്നാല്‍ തന്റെ പരാതിയില്‍നിന്ന് പിന്മാറാന് പായല്‍ തയാറായില്ല. ആരോപണങ്ങളിലേക്ക് നടി റിച്ച ചദ്ദയുടെ പേരും പായല്‍ വലിച്ചിഴച്ചു. ഇതിനെതിരേ റിച്ച മാനനഷ്ടക്കേസ് നല്‍കിയതോടെ പായല്‍ ഘോഷ് നടിയോട് മാപ്പ് പറയുകയും ചെയ്തു. 2020 ലാണ് ഈ സംഭവ വികാസങ്ങള്‍ നടന്നത്.
ഇപ്പോഴിതാ ബോളിവുഡിനെതിരേ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് പായല്‍ ഘോഷ്. ബോളിവുഡില്‍ നടിമാരെക്കുറിച്ചുള്ള മനോഭാവത്തിനെതിരെയാണ് നടി പ്രതികരിച്ചത്. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തുടക്കം കുറിച്ചതില്‍ ദൈവത്തോട് നന്ദിയുണ്ട്. ക്രിയേറ്റിവിറ്റിയേക്കാള്‍ സ്ത്രീ ശരീരമാണ് ബോളിവുഡ് ഉപയോഗിക്കുന്നതെന്നാണ് പായല്‍ ഘോഷ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചത്.
കഴിഞ്ഞ ദിവസവും സമാന ആരോപണം പായല്‍ ഘോഷിന്റെ ഭാഗത്തുനിന്നുണ്ടായി. അവസരം ലഭിക്കണമെങ്കില്‍ നടിമാര്‍ കിടക്ക പങ്കിടേണ്ട സാഹചര്യമാണെന്ന് പായല്‍ ഘോഷ് തുറന്നടിച്ചു. ഫയര്‍ ഓഫ് ലൗ: റെഡ് എന്ന ചിത്രം തന്റെ പതിനൊന്നാമത്തെ സിനിമയാണ്. താന്‍ ആരുടെയെങ്കിലും കൂടെ കിടന്നിരുന്നെങ്കില്‍ ഇത് തന്റെ മുപ്പതാമത്തെ സിനിമയായേനെയെന്നും പായല്‍ ഘോഷ് പറഞ്ഞു.
പായല്‍ ഘോഷിന്റെ പ്രസ്താവനയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് വന്നു. ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് പായല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് വിമര്‍ശകരുടെ വാദം. ബോളിവുഡിന്റെ പ്രതിഛായ ഇല്ലാതാക്കാന്‍ നടി ഏറെക്കാലമായി ശ്രമിക്കുന്നെന്നും കുറ്റപ്പെടുത്തലുകള്‍ വന്നു.
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സ്ത്രീവിരുദ്ധതയും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയുടെ യാഥാര്ഥ്യമാണിതെന്ന വാദവുമായി പായല്‍ ഘോഷിനെ അനുകൂലിച്ചും പലരും രംഗത്തുവന്നിട്ടുണ്ട്.