അരിപ്പാലം: പായമ്മൽ ക്ഷേത്രത്തിൽനിന്ന് മതിലകം-എടതിരിഞ്ഞി റോഡിലേക്ക് പോകുന്ന പായമ്മൽ-കോടംകുളം റോഡിന്റെ സംരക്ഷണഭിത്തി വേണ്ടത്ര ഉയരമില്ലാത്തതു അപകടഭീഷണി ഉയർത്തുന്നു. നാലന്പല തീർഥാടന കാലത്ത് ഏറെ തിരക്കേറിയ റോഡുകളിലൊന്നാണിത്. പായമ്മൽ ക്ഷേത്രത്തിൽനിന്നും ഈ വഴിയാണു വാഹനങ്ങൾ കടന്നുപോകുന്നത്.
ഈ റോഡിനിരുവശത്തും അപകടസൂചനകൾ നൽകുന്ന വിധത്തിൽ അടയാളങ്ങൾ നൽകുന്നതിനായി കൊടികൾ നാട്ടിയിരിക്കുകയാണ് ഇപ്പോൾ. മൂന്നുമാസം മുന്പ് നിർമാണപ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ സംരക്ഷണഭിത്തിയുടെ ഒരുഭാഗത്ത് കരിങ്കല്ലുകൾ തള്ളി താഴേക്കിരുന്നിരുന്നു.
പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്നതാണ് ഈ റോഡ്. വലിയ വാഹനങ്ങൾ പോകുകയോ മഴ പെയ്യുകയോ ഉണ്ടാകുന്നതിനു മുന്പുതന്നെ സംരക്ഷണഭിത്തി തകർന്നതിൽ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. നിർമാണത്തിലെ അപാകമായിരുന്നു ഇതു തകരാൻ കാരണമാതെന്നു നാട്ടുകാർ പറയുന്നു. പടിയൂർ കോൾമേഖലയിൽപെടുന്ന ഭാഗത്ത് പാടത്തിനു മധ്യേയാണു ഈ റോഡ് സ്ഥിതിചെയ്യുന്നത്.
റോഡിനിരുവശത്തുമുള്ള പാടശേഖരത്തിൽ നിറയെ വെള്ളം നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇതുവഴി കടന്നുവരുന്ന വാഹനങ്ങൾക്കു വളരെ ശ്രദ്ധിച്ചുവേണം കടന്നു പോകാൻ. തെരുവു വിളക്കുകൾ ഇല്ലാത്ത പ്രദേശമാണ്. റോഡരികിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ ടയറുകൾ താഴ്ന്നുപോകാൻ സാധ്യതയുണ്ട്. വളവുകളിൽ അപായ സൂചനകൾ നൽകുന്ന ബോർഡുകളോ സംരക്ഷണ ഭിത്തികളോ ഇല്ലാത്തതും അപകടഭീഷണി ഉയർത്തുകയാണ്.