ഓണമധുരത്തിനു പത്തുതരം പായസം

Payasamപായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂര്‍ണമാകുന്നില്ല. തൂശനിലയില്‍ പപ്പടവും പഴവും ചേര്‍ത്ത് പായസം കഴിക്കുമ്പോള്‍ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതല്‍ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുമ്പോള്‍ മടുപ്പില്ലാതിരിക്കാന്‍ രുചികള്‍ പലതാവുക തന്നെ വേണം. ഇത്തവണത്തെ ഓണം സ്‌പെഷല്‍ പാചകത്തില്‍ പത്തുതരം പായസങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അവല്‍ പായസം

ചേരുവകള്‍
1 അവല്‍ – 1/4 കിലോ
2 ശര്‍ക്കര – 1/2 കിലോ
3 തേങ്ങ – 3 എണ്ണം
4 ചൗവ്വരി – 50 ഗ്രാം
5 നെയ്യ് – 100 ഗ്രാം
6 തേങ്ങാക്കൊത്ത് – 100 ഗ്രാം
7 അണ്ടിപ്പരിപ്പ്, കിസ്മിസ് – 50 ഗ്രാം വീതം
8 ഏലയ്ക്ക – 50 ഗ്രാം

തയാറാക്കുന്നവിധം
തേങ്ങയുടെ മൂന്ന് പാല്‍ തയാറാക്കി വയ്ക്കുക. ചൗവ്വരി വേവിക്കുക. ശര്‍ക്കര പാവ് കാച്ചി അതില്‍ അവലും നെയ്യും ചേര്‍ത്തു വഴറ്റുക.നൂല്‍പ്പരുവമാകുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. പിന്നെ രണ്ടാം പാല്‍ ചേര്‍ക്കുക. ഒരുവിധം വറ്റുമ്പോള്‍ വേവിച്ച ചൗവ്വരിയും ഒന്നാം പാലും ചേര്‍ത്തിളക്കുക. അഞ്ചുമിനിറ്റ് കഴിയുമ്പോള്‍ വാങ്ങിവയ്ക്കണം. നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തശേഷം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.

പാല്‍പ്പായസം

ചേരുവകള്‍
1 പച്ചനെല്ല് കുത്തിയ ചമ്പാവരി – 2 തവി
2 പാല്‍ കാച്ചിയത് – 2 ലിറ്റര്‍
3 ഏലയ്ക്ക പൊടിച്ചത് – 25 ഗ്രാം
4 പഞ്ചസാര – ഒന്നരക്കിലോ.

തയാറാക്കുന്നവിധം
പഞ്ചസാര പൊടിച്ചുവയ്ക്കുക. അരി നന്നായി കഴുകി അരലിറ്റര്‍ വെള്ളവും പാലും ചേര്‍ത്തു കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ വന്നുകഴിഞ്ഞാല്‍ മുക്കാല്‍ മണിക്കൂര്‍ ചെറുതീയില്‍ വേവിക്കുക. പ്രഷര്‍ തനിയേ ഇറങ്ങിയ ശേഷം കുക്കര്‍ തുറന്നു പഞ്ചസാര പൊടിച്ചതു ചേര്‍ത്തിളക്കുക. ഒരുവിധം കുറുകിവരുമ്പോള്‍ വാങ്ങി വച്ച ശേഷം ഏലയ്ക്കാപ്പൊടി വിതറുക.

പഴം പായസം

ചേരുവകള്‍
1 നന്നായി പഴുത്ത ഏത്തപ്പഴം – അര കിലോ
2 ശര്‍ക്കര – ഒരു കിലോ
3 തേങ്ങ – 3 എണ്ണം
4 നെയ്യ് – 150 ഗ്രാം
5 ചൗവ്വരി – 50 ഗ്രാം
6 അണ്ടിപ്പരിപ്പ്, കിസ്മിസ് – 50 ഗ്രാം വീതം
7 ഏലയ്ക്ക – ആവശ്യത്തിന്
8 തേങ്ങ വറുത്തത് – 50 ഗ്രാം

തയാറാക്കുന്നവിധം
ചൗവ്വരി വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തുവയ്ക്കുക. ഏത്തപ്പഴം തൊലികളഞ്ഞു നന്നായി കുക്കറില്‍ വേവിച്ച് ഉടയ്ക്കുക. അതിനുശേഷം ശര്‍ക്കര പാവില്‍ നെയ്യും ചേര്‍ത്ത് പഴം വഴറ്റിയെടുക്കുക. നൂല്‍പ്പരുവമാകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക. കുറുകിവരുമ്പോള്‍ വേവിച്ച ചൗവ്വരിയും ഒന്നാം പാലും ചേര്‍ത്തു പത്തുമിനിട്ട് ഇളക്കിയ ശേഷം വാങ്ങുക. വറുത്ത തേങ്ങയും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി ഏലയ്ക്കാപ്പൊടിയും വിതറി ഉപയോഗിക്കാം.

ഗോതമ്പ് പായസം

ആവശ്യമായ സാധനങ്ങള്‍
സൂചിഗോതമ്പ് (നുറുക്ക്) – അര കപ്പ്
മില്‍ക് മെയ്ഡ് – അര കപ്പ്
പഞ്ചസാര – അര കപ്പ്
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – മൂന്ന് കപ്പ്
തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒന്നര കപ്പ്
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് – 25 ഗ്രാം
കിസ്മിസ് – 25 ഗ്രാം
ഏലയ്ക്കാപൊടിച്ചത് – അര ടീസ്പൂണ്‍

തയാറാക്കുന്നവിധം
ഗോതമ്പ് കഴുകി വൃത്തിയാക്കി, തേങ്ങയുടെ രണ്ടാം പാലും പഞ്ചസാരയും ചേര്‍ത്ത് ഒരു കുക്കറില്‍ 25 മിനിറ്റ് വേവിക്കുക.(ആദ്യത്തെ വിസില്‍ കേട്ട് കഴിഞ്ഞാല്‍ തീ കുറച്ചശേഷം ആറു വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക).
ഗോതമ്പ് നന്നായി വെന്ത് കുറുകിക്കഴിയുമ്പോള്‍ തേങ്ങയുടെ ഒന്നാംപാലും ചേര്‍ത്ത് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്നു മാറ്റുക. മറ്റൊരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ച് ആ നെയ്യോടു കൂടി പായസത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.

പൈനാപ്പിള്‍ പായസം

ആവശ്യമായ സാധനങ്ങള്‍
നന്നായി പഴുത്ത പൈനാപ്പിള്‍ – നാല് കപ്പ്
(ഒരു ഇടത്തരം പൈനാപ്പിള്‍ മതിയാകും, ചെറുതായി അരിഞ്ഞത്)
പഞ്ചസാര – ഒന്നര കപ്പ്
ചൗവ്വരി വേവിച്ചത് – അര കപ്പ്
ഇടത്തരം കട്ടിത്തേങ്ങാപ്പാല്‍ – നാല് കപ്പ്
വെള്ളം – രണ്ട് കപ്പ്
കേസരി കളര്‍ (മഞ്ഞ ഫുഡ്കളര്‍) – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂണ്‍
മില്‍ക് മെയ്ഡ് – അര കപ്പ്

തയാറാക്കുന്നവിധം
അര കപ്പ് ചൗവ്വരി ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. (ഇത് ഏകദേശം ഒന്നരകപ്പ് ഉണ്ടാകും). പൈനാപ്പിള്‍ കഷണങ്ങള്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
പൈനാപ്പിള്‍ പാകത്തിനു വെന്തുകഴിഞ്ഞാല്‍ പഞ്ചസാരയും കേസരികളറും വേവിച്ച ചൗവ്വരിയും ചേര്‍ത്ത് വീണ്ടും ഒരു അഞ്ചു മിനിറ്റ് വേവിക്കുക. ഇതിലേക്ക് നാലു കപ്പ് ഇടത്തരം അയവിലുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. തിള വന്നുതുടങ്ങുമ്പോള്‍ അര കപ്പ് മില്‍ക്‌മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നു മാറ്റുക. പായസം തയാര്‍.

ചക്കപ്പായസം

ആവശ്യമുള്ള സാധനങ്ങള്‍
1. നന്നായി വിളഞ്ഞ ചക്കച്ചുള – 500 ഗ്രാം
2. ശര്‍ക്കര – 2 കപ്പ്
3. തേങ്ങയുടെ ഒന്നാം പാല്‍ – 2 കപ്പ്
4. തേങ്ങയുടെ രണ്ടാം പാല്‍ – 4 കപ്പ്
5. ചൗവ്വരി – അര കപ്പ്
6. പാല്‍ – ഒരു ലിറ്റര്‍
7. കിസ്മിസ്, അണ്ടിപ്പരിപ്പ് – 25 ഗ്രാം വീതം
8. നെയ്യ് – 2 ടേ. സ്പൂണ്‍
9. ചുക്കുപൊടി – ഒരു ടീസ്പൂണ്‍
10. ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
11. ജീരകം പൊടിച്ചത് – ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം
ചക്കച്ചുള വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ച് വയ്ക്കുക. ചൗവ്വരി കുതിര്‍ത്തു വേവിച്ചു വയ്ക്കുക. ശര്‍ക്കര ഒരു കപ്പ് വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. അല്പം നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുത്തു വയ്ക്കുക. ഉരുളിയില്‍ ശര്‍ക്കര കലക്കിയത് ഒഴിച്ച് അതില്‍ ചക്കച്ചുള അരച്ചതു ചേര്‍ത്ത് വേവിക്കുക. പാകമാകുമ്പോള്‍ ചൗവ്വരി വേവിച്ചതും നെയ്യും ചേര്‍ത്തിളക്കുക. അല്പം കഴിഞ്ഞു രണ്ടാം പാല്‍ ചേര്‍ക്കുക. കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കുക. അതു കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വയ്ക്കുക. ഇതിലേക്ക് ചുക്ക്, ഏലയ്ക്ക, ജീരകം എന്നിവയുടെ പൊടികള്‍ ചേര്‍ത്തിളക്കുക. വറുത്തു വച്ച അണ്ടിപ്പരിപ്പും കിസ്മിസും കൂടെ ചേര്‍ത്ത് ഉപയോഗിക്കാം.

കടലപ്പരിപ്പ് പ്രഥമന്‍

ആവശ്യമായ സാധനങ്ങള്‍
കടലപ്പരിപ്പ് (വേവിച്ച് ഉടച്ചത്) – 250 ഗ്രാം
ശര്‍ക്കര (ഉരുക്കി അരിച്ചത്) – 600 ഗ്രാം
ചൗവരി (വേവിച്ചത്) – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
തേങ്ങാക്കൊത്ത് – അരകപ്പ്
ഏലയ്ക്കാപ്പൊടിച്ചത് – ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (മൂന്നാംപാല്‍) – മൂന്ന് കപ്പ്
രണ്ടാം പാല്‍ ( രണ്ട് കപ്പ്)
ഒന്നാം പാല്‍ (ഒരു കപ്പ്)
നെയ്യ് – 50 ഗ്രാം

തയാറാക്കുന്നവിധം
ഉരുളിയില്‍ അല്‍പം നെയ്യ് ഒഴിച്ച് വേവിച്ച കടലപ്പരിപ്പ് ഇട്ട് വഴറ്റി ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് വരട്ടി എടുക്കുക.
ഇതിലേയ്ക്ക് മൂന്നാം പാല്‍ ഒഴിച്ച് ചൗവരി വേവിച്ചതും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക.
മൂന്നാം പാല്‍ വറ്റിത്തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് കുറുക്കി ഒന്നാം പാലും ചേര്‍ത്ത് പായസം അടുപ്പില്‍ നിന്ന് മാറ്റി ഏലയ്ക്കാപ്പൊടിച്ചതും ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും വിതറുക.

അരി പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ഉണക്കലരി – 1 ലിറ്റര്‍
2. ശര്‍ക്കര – ഒന്നര കിലോ
3. തേങ്ങ – 6
4. ചുക്ക് – മൂന്നു കഷണം
5. ജീരകം – 50 ഗ്രാം
6. നെയ്യ് – 100 ഗ്രാം
7. പാല്‍ – മൂന്നെമുക്കാല്‍ ലിറ്റര്‍
8. കൊട്ടത്തേങ്ങ – അര മുറി

തയാറാക്കുന്നവിധം
ഉണക്കലരി കഴുകി 2 ലിറ്റര്‍ വെള്ളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോള്‍ ഇളക്കുന്ന പാടില്‍ ഉരുളിയുടെ അടി കാണാന്‍ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാല്‍ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം തേങ്ങാപീരയില്‍ ഒഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കുക. ഇതിന് രണ്ടാം പാല്‍ എന്നു പറയും. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാല്‍ എന്നു പറയും. വരണ്ട പായസത്തില്‍ മൂന്നാം പാല്‍ കുറെശ്ശെ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ രണ്ടാം പാലും കുറേശ്ശെ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോള്‍ വാങ്ങി വക്കുക. തലപാലില്‍ ചുക്കും ജീരകവും കൂടി പൊടിച്ച് ചേര്‍ത്ത് ഇളക്കിയശേഷം പായസത്തില്‍ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശര്‍ക്കര ഇട്ട് വരട്ടുമ്പോള്‍ 100 ഗ്രാം നെയ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.്

അടപ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍
ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ്
മൈദമാവ് – ടീ സ്പൂണ്‍
ശര്‍ക്കര അലിയിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
വാഴയില – ആവശ്യത്തിന്

പ്രഥമന് വേണ്ട ചേരുവകള്‍
ശര്‍ക്കര ഉരുക്കിയത് – 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒരു കപ്പ്
രണ്ടാം പാല്‍ – മൂന്ന് കപ്പ്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
നെയ്യ് – 100 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം

തയാറാക്കുന്നവിധം

അട ഉണ്ടാക്കാന്‍
ചമ്പാ പച്ചരിമാവും മൈദയും ശര്‍ക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക. (കൈയില്‍ നിന്നും തുള്ളിയായി ഇലയിലേക്ക് വീഴുന്ന പാകത്തിന്). ഈ കലക്കിയ മാവ് വാഴയിലയുടെ മുകളില്‍ തുള്ളിയായി ചുറ്റി കൈകൊണ്ട് വീഴ്ത്തുക. ഇല നന്നായി മടക്കുക. ഇങ്ങനെ മടക്കിയ ഇലകള്‍ ചേര്‍ത്ത് വാഴനാര് വച്ചു കെട്ടി തിളപ്പിച്ച വെള്ളത്തിലേയ്ക്ക് ഇട്ട് അമര്‍ത്തികൊടുക്കുക. ഏകദേശം 15മിനിറ്റ് തിളച്ച വെള്ളത്തില്‍ കിടന്ന് വെന്തശേഷം ഈ ഇലക്കെട്ടുകള്‍ തണുത്ത വെള്ളത്തിലേയ്ക്ക് ഇടുക. ഇലകള്‍ തുറന്ന് അട ഇളക്കി ആ തണുത്ത വെള്ളത്തിലേക്കുതന്നെ ഇടുക. ഈ അട വെള്ളത്തില്‍ നിന്ന് അരിച്ചുമാറ്റി വെള്ളം വാലാന്‍ വയ്ക്കുക.
ഇങ്ങനെ ഉണ്ടാക്കുന്ന അട അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന അട (ഏകദേശം മുക്കാല്‍ പാക്കറ്റ് അട തിളച്ച വെള്ളത്തില്‍ ഇട്ട് വേവിച്ച് മാറ്റിയത്) ഉരുളിയില്‍ ശര്‍ക്കരപ്പാനിയുടെ കൂടെ ഇട്ട് വരട്ടുക.
പാകം മൂത്ത് കഴിഞ്ഞാല്‍ പകുതി നെയ്യും ഒഴിച്ച് വീണ്ടും വരട്ടുക. ഇതിലേയ്ക്ക് രണ്ടാം പാല്‍ ഒഴിച്ച് കുറുകുവാന്‍ അനുവദിക്കുക. പാകത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാംപാലും ഒഴിച്ച് ആവശ്യത്തിന് ഏലയ്ക്കാ ചേര്‍ത്ത് ഉരുളി അടുപ്പില്‍ നിന്ന് വാങ്ങുക. അവസാനമായി ബാക്കി നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ആ നെയ്യോടുകൂടി പ്രഥമനിലേക്ക് ഒഴിക്കുക. അടപ്രമഥന്‍ തയ്യാര്‍.
(വേണമെങ്കില്‍ കാല്‍ കപ്പ് ചൗവരി തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിച്ച് ഈ പ്രഥമനില്‍ ചേര്‍ക്കാം. ചൗവരി ചേര്‍ക്കുകയാണെങ്കില്‍ അട ശര്‍ക്കര ഉരുക്കിയതില്‍ വരട്ടുന്ന സമയത്തു ചേര്‍ക്കണം).

സേമിയ പായസം

ചേരുവകള്‍
1. സേമിയാ – 200 ഗ്രാം
2. പാല്‍ – 1 ലിറ്റര്‍
3. അണ്ടിപ്പരിപ്പ് – 50 ഗ്രാം
4. ഏലക്ക – 5 ഗ്രാം
6. പഞ്ചസാര – 500 ഗ്രാം
7. നെയ്യ് – 150 ഗ്രാം

തയാറാക്കുന്നവിധം
വറുത്ത അരിപ്പൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും തമ്മില്‍ ചേര്‍ത്തിളക്കുക. ശര്‍ക്കര ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഇതിലേക്ക് മാവ് കുറേശെ ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കി ചെറുനാരങ്ങാ വലിപ്പമുള്ള ഉരുളകള്‍ തയാറാക്കുക.

വിദ്യ ബിനേഷ്, പാലാരിവട്ടം

Related posts