വല്ലപ്പോഴും ഒരാഗ്രഹത്തിന് പ്രമേഹബാധിതർ പായസം കഴിച്ചാൽ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച് ഒരു ദിവസം ശരീരത്തിൽ അധികമായി അന്നജം എത്തുന്നതു തടയാം. രാത്രിഭക്ഷണത്തിൽനിന്നു ലഭിക്കേണ്ട അന്നജം കൂടി പായസത്തിലൂടെ ഉച്ചയ്ക്കു തന്നെ കിട്ടുന്നുണ്ട്. അതിനാൽ രാത്രിഭക്ഷണം സൂപ്പിൽ ഒതുക്കണം.
ഉളളി, ബീൻസ്, കാരറ്റ്്, കാബേജ്, കുരുമുളകു പൊടി, ഉപ്പ് എന്നിവവ ചേർത്തു തയാറാക്കുന്ന സൂപ്പ് ആവാം. സൂപ്പു കുടിക്കുന്നതോടെ വയറു നിറയും. അല്ലെങ്കിൽ ഓട്്സിൽ പച്ചക്കറികൾ ചേർത്തു തയാറാക്കുന്ന കുറുക്കും കഴിക്കാം.
വണ്ണം കൂടിയാലും കുറഞ്ഞാലും…
പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറയ്ക്കുന്പോൾത്തന്നെ ഇൻസുലിന്റെ അളവും മരുന്നിന്റെ ഡോസേജും കുറയ്ക്കാനാകും. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തണം. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർ വണ്ണംകൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്.
ഇൻസുലിനു ശേഷം ആഹാരം കഴിക്കണം
ചപ്പാത്തി 2- 3 എണ്ണം കഴിക്കാം. വണ്ണം കൂടുതലുളള പ്രമേഹബാധിതർക്ക് ഇഡ്ഡലി രണ്ടെണ്ണവും വണ്ണം കുറവുളള പ്രമേഹബാധിതർക്കു മൂന്നെണ്ണവും കഴിക്കാം. ഇൻസുലിൻ എടുക്കുന്ന രോഗിയാണെങ്കിൽ അതിന്റെ ഡോസേജ് അനുസരിച്ചു ഭക്ഷണം കഴിക്കണം. ഇൻസുലിൻ എടുത്തശേഷം ഭക്ഷണം കഴിച്ചില്ലെങ്കിൽ തലചുറ്റൽ അനുഭവപ്പെടാനിടയുണ്ട്.
കണ്‍സൾട്ടിംഗ് ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരക്രമം സ്വീകരിക്കാവുന്നതാണ്.
ഉലുവയും പാവയ്ക്കയും ഗുണപ്രദം
ഉലുവ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ. എന്നാൽ ഇൻസുലിൻ ചെടിക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനുളള ശേഷിയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നിലവിലില്ല. പാവയ്ക്കയിൽ വെജിറ്റബിൾ ഇൻസുലിൻ ഉണ്ട്. ഉലുവയിലുളള നാരുകൾ മിസലേജിയസ് ഫൈബറാണ്. അതിൽ ട്രിഗനോലിൻ എന്ന ആൽക്കലോയിഡുണ്ട്. ഇതെല്ലാം രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാൻ സഹായകം.
മുരിങ്ങയില
മുരിങ്ങയില ഉൾപ്പെടെ എല്ലാത്തരം ഇലകളും പ്രമേഹരോഗികൾക്കു ഗുണകരം. അവയിൽ നാരുകൾ ധാരാളം. അതേസമയം നാരുകൾ കുറഞ്ഞ സംസ്കരിച്ച ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം കുറയ്ക്കണം.
പരസ്യങ്ങൾക്കു പിന്നാലെ പായരുത്
ഓർക്കുക… പ്രമേഹരോഗികൾക്കു ഗുണകരമായത് എന്ന പരസ്യഘോഷങ്ങളോടെ വിപണിൽ ലഭ്യമാകുന്ന പൊടികൾക്കു പിന്നാലെ പോയാൽ കീശ കാലിയാകുന്നതു മാത്രം മിച്ചം.
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്