കൊച്ചി: കച്ചവടക്കാര്‍ അവരുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. വാചകമടിച്ച് ആളുകളെ വീഴ്ത്താന്‍ കഴിവുള്ളവരാണ് കച്ചവടങ്ങളില്‍ ശോഭിക്കുക. പക്ഷേ ഈ പായസക്കച്ചവടക്കാരന്‍ ഇക്ക എല്ലാവരെയും കടത്തിവെട്ടിയിരിക്കുകയാണ്. കുറിക്കു കൊള്ളുന്ന ഡയലോഗുകളും തമാശയും കൊണ്ട് ആളുകളെ കൈയ്യിലെടുക്കുകയാണ് ഈ ഇക്ക.
റിയാദിലെ ബത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഐഎസ്ഐ മാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ പായസം. തോന്നുമ്പോ കിട്ടൂലാ…കാണുമ്പോ വേടിക്കാം…ആദര്‍ശ കേരളത്തിന്റെ വിപ്ലവനായകന് തയ്യാറാക്കുന്ന ലുഖ്മാനിയ പായസം. ചെക്കിങ് വരുന്നെങ്കില്‍ പറയണം ഓടാനാണ്. ഒരു ചെമ്പിന് രണ്ട് റിയാല്‍ മാത്രം.’ ഇങ്ങനെ നീളുന്നു ഇദ്ദേഹത്തിന്റെ വാക്ക് ചാതുര്ത്ഥ്യം. വിപണി പിടിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി പഠിക്കേണ്ട കാര്യമൊന്നുമില്ല, ഒരു ദിവസം ഈ ഇക്കയുടെ കൂടെ ഒന്നു കച്ചവടത്തിന് ഇറങ്ങിയാല്‍ മതിയാകും. ജനപ്രീതിയും സമ്പാദിക്കാം, അതോടൊപ്പം മാര്‍ക്കറ്റിംഗും കൈവശപ്പെടുത്താം. അത്രമേല്‍ വാക് ചാതുര്യമാണ് ഇദ്ദേഹത്തിനുള്ളത്.
റിയാദിലെ തിരക്കുള്ളൊരു നഗരത്തിന്റെ ഓരത്ത് നിന്നാണ് ഈ ഇക്ക പായസ കച്ചവടം നടത്തുന്നത്. കാഴ്ചക്കാരെ കറക്കി വീഴ്ത്തുന്ന പഞ്ച് ഡയലോഗുകളും വാക്സാമര്‍ത്ഥ്യവും കൊണ്ടാണ് കക്ഷിയുടെ കച്ചവടം പൊടിപൊടിക്കുന്നത്. ഇക്കയുടെ ഈ വെറൈറ്റി കച്ചവട തന്ത്രം കൗതുകം മാത്രമല്ല കാഴ്ചക്കാരില്‍ ചിരിയും നിറയ്ക്കുമെന്നത് ഉറപ്പ്. ‘കറവയുള്ള മൂന്നാനയാണ് വീട്ടില്‍ ഉള്ളത്, ഇതില്‍ നിന്നും കിട്ടിയിട്ട് തനിക്ക് ഒന്നും നേടാനില്ല. പിന്നെ പിള്ളേര് പട്ടിണിയാകും എന്ന് കരുതിയിട്ടാണ് ഇതിനിറങ്ങി തിരിച്ചത്. പായസത്തീന്ന് പൊട്ടാത്ത അണ്ടിപ്പരിപ്പ് കിട്ടിയാല്‍ ഇന്നോവകാര്‍ സമ്മാനം’ അങ്ങനെ പോകുന്നു ഇക്കയുടെ ഇടിവെട്ട് ഡയലോഗുകള്‍…