ചങ്ങനാശേരി: പായിപ്പാട് പള്ളിക്കച്ചിറ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷണംപോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി.
ഇന്നലെ പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലാണ് മോഷണം. വീടിന്റെ അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി പട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
അലമാരയിലും ഷെൽഫിലും ബാഗുകളിലും സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്.
മോഷണം നടത്തിയ ശേഷം ബാഗുകൾ വീടിന്റെ അടുക്കള ഭാഗത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ജോസഫും ഭാര്യയും രണ്ടു മക്കളും വീട്ടിൽ കിടന്ന് ഉറങ്ങിയ നേരത്താണ് മോഷണം നടന്നത്.
വിവാഹാവശ്യത്തിനായി വാങ്ങി അലമാരയിൽ സൂക്ഷിച്ചിരുന്ന തുണത്തരങ്ങളും മോഷ്ടാവ് മുറ്റത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടത്തി.
സമാന രീതിൽ മോഷണം നടത്തുന്ന സംഘങ്ങളെയും ഇതര സംസ്ഥാന മോഷ്ടാക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നാട്ടുകാരായ ചിലരെക്കുറിച്ചും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം. ഭോപ്പാലിലായിരുന്ന ജോസഫും കുടുംബവും മകളുടെ വിവാഹത്തിനായി രണ്ടാഴ്ച മുന്പാണ് നാട്ടിലെത്തിയത്.