കുമരകം: പെലിക്കൻപക്ഷികൾ കൂട്ടത്തോടെ തീറ്റതേടി എത്തിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. കുമരകം രണ്ടാം കലുങ്കിനു സമീപം കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറിക്കിടക്കുന്ന മുട്ടത്തുശേരി പാടത്താണ് പെലിക്കൻപക്ഷികൾ വിരുന്നിനെത്തിയത്. ഇന്നലെ നാലു പെലിക്കൻ പക്ഷികൾ പാടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങിയതായി നേച്ചർ ക്ലബ് അംഗങ്ങൾ അറിയിച്ചു.
ഇന്നു പുലർച്ചെയാണ് പക്ഷിക്കൂട്ടം 80 ഏക്കറുള്ള പാടത്തിന്റെ പടിഞ്ഞാറുഭാഗത്ത് കുമരകം റോഡിനു സമീപം പറന്നിറങ്ങിയത്. 53 പക്ഷികളെ കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ കഴിഞ്ഞതായി കുമരകം നേച്ചർ ക്ലബ് ട്രഷറർ മുകേഷ് ഫിലിപ്പ് പറഞ്ഞു.
തയ്ക്ക് നിലം ഉഴുതുമറിക്കുന്പോൾ കൂട്ടത്തോടെ എത്തുന്ന വെളിരുകളും ഈ പാടത്ത് പെലിക്കൻപക്ഷികൾക്കൊപ്പം വെള്ളത്തിൽ നീന്തിക്കളിക്കുന്നതും പറന്നുയരുന്നതും കാണാൻ കേട്ടറിഞ്ഞെത്തുന്നവരുടെ വൻ തിരക്കാണ്.ആഴ്ചകളായി ഒറ്റപ്പെട്ടും രണ്ടും മുന്നുമായി പെലിക്കൻ രക്ഷികൾ കുമരകത്ത് പല ഭാഗങ്ങളിലും എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി നേച്ചർ ക്ലബ് പ്രസിഡന്റ് ജേക്കബ് സി. കുസുമാലയം അറിയിച്ചു.
ഏതാനും മാസം മുന്പ് കുമരകം പക്ഷിസങ്കേതത്തിലെ ബഥാംമരത്തിൽ പെലിക്കൻ കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വിരിയിച്ചത് പക്ഷിനിരീക്ഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയുംയ ശ്രദ്ധയിൽപ്പെട്ടതും വാർത്തയായതും പക്ഷിസങ്കേതത്തിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് കൂട്ടിയിരുന്നു.