വടകര: പേരാന്പ്രയിൽ ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുന്നുമ്മൽ ചന്ദ്രന് (54) ഇരട്ട ജീവപര്യന്തം.വടകര സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തൽ ഇളചെട്ട്യാൻ ബാലൻ (62), ഭാര്യ ശാന്ത (59) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ ചന്ദ്രന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, ഭവനകയ്യേറ്റം, കവർച്ച, കവർച്ചയ്ക്കിടെ മുറിവേൽപ്പിക്കൽ, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരം ചന്ദ്രൻ കുറ്റം ചെയ്തെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്നു രാവിലെയാണ് കോടതി ശിക്ഷ വിധിച്ചത്.
2015 ജൂലായ് 9നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാലന്റെ വീടുമായി അടുത്ത പരിചയമുണ്ടായിരുന്ന ചന്ദ്രൻ അന്ന് രാത്രി ബാലന്റെ വീട്ടിലെത്തി 10,000 രൂപ കടമായി ആവശ്യപ്പെട്ടു. ഈ പണം എടുക്കാൻ മുകൾ നിലയിലേക്ക് പോയ ബാലന്റെ പിന്നാലെ എത്തി ചന്ദ്രൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് എത്തിയ ശാന്തയയെും വെട്ടിക്കൊലപ്പെടുത്തി.
ബഹളം കേട്ടെത്തിയ അയൽവാസിയായ പ്ലസ് ടു വിദ്യാർഥി കൊല്ലിയിൽ അജിൽ സന്തോഷിന് (17) വെട്ടേറ്റിരുന്നു. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലൻ വെട്ടേറ്റ് മരിച്ചത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്. കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തിൽ നിന്ന് വളകളും സ്വർണമാലയും അഴിച്ചെടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങൾക്കിടയിൽ നിന്ന് 41 സെന്റീ മീറ്റർ നീളമുള്ള കൊടുവാളും സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും കവർച്ച നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. നേരിട്ട് തെളിവില്ലാത്ത ഈ കേസിൽ സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങൾ ശേഖരിക്കാൻ ബിഎസ്എൻഎൽ കേരള സർക്കിൾ ജനറൽ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. കേസിന്റെ ഭാഗമായി ഡിഎൻഎ പരിശോധന ഉൾപെടെ നടന്നു. 94 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. കൊല്ലപ്പെട്ട ബാലന്റെ മകൻ ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പ്രതി വെട്ടിപ്പരിക്കേൽപ്പിച്ച അജിൽ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.