മുളങ്കുന്നത്തുകാവ്: കോടികൾ ചിലവഴിച്ച് സജ്ജമാക്കിയ തൃശൂർ മെഡിക്കൽ കോളജിലെ പേ വാഡുകൾ ജീവനക്കാരില്ലാത്തതുമൂലം അടഞ്ഞു കിടന്നു നശിക്കുന്നു. നാലു മാസം മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകൾ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെയായിട്ടും ഈ പേ വാർഡ് രോഗികൾക്ക് തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല.
ആവശ്യമായ ജീവനക്കാരെ ഇവിടേക്ക് കിട്ടാത്തതാണ് പേ വാർഡ് തുറന്നുകൊടുക്കാൻ തടസമെന്നാണ് അധികൃതരുടെ മുടന്തൻ ന്യായം. കാലങ്ങളായുള്ള ആവശ്യമായിരുന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകൾ വേണമെന്നുള്ളത്.
ദിവസവേതനത്തിൽ നൂറു കണക്കിനാളുകളെ അടുത്തിടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് ജോലിക്കെടുത്തിരുന്നുവെങ്കിലും പേ വാർഡിലേക്ക് മാത്രം ആളെ കിട്ടാനില്ലെന്നത് അധികൃതരുടെ മുടന്തൻ ന്യായമാണെന്ന് രോഗികളടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.
മികച്ച ഡോക്ടർമാരും നല്ല ചികിത്സയും ലഭിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് പാവപ്പെട്ടവരുടെ പ്രധാന ആശ്രയകേന്ദ്രമാണ്. പണക്കാരായ നിരവധി രോഗികൾ ഇവിടെ സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടി വരാൻ സന്നദ്ധരാണെങ്കിലും സൗകര്യങ്ങളുടെ കുറവും പേ വാർഡില്ലാത്തതുമാണ് സന്പന്നരെ പിന്നോട്ടടിപ്പിക്കുന്നത്.
തൃശൂർ നഗരത്തിൽ നിന്നും മെഡിക്കൽ കോളജ് മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയിട്ട് വർഷങ്ങൾ 18 ആയെങ്കിലും ആശുപത്രിയിൽ പേ വാർഡുണ്ടായിരുന്നില്ല. ആശുപത്രി ജിവനക്കാരുടെയും പൊതു പ്രവർത്തകരുടെയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പേ വാർഡിന് അനുമതിയായിത് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിന്റെ ഇടപെടലും പേ വാർഡിനു വേണ്ടി ഉണ്ടായി.
പേ വാർഡില്ലങ്കിൽ മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കമെന്നുള്ള ഭീഷണി പോലും മെഡിക്കൽ കൗണ്‍സിലിന് ഇറക്കേണ്ടിവന്നു. തുടർന്നാണ് പേ വർഡ് നിർമിച്ചത്. പേ വാർഡിൽ നിന്നുള്ള വരുമാനം ആശുപത്രി വികസ സൊസൈറ്റിക്കാണ്. ആവശ്യമായ താൽക്കാലിക ജീവനക്കാരെ നിയമിച്ച് സ്ഥാപനം തുറക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.