പയ്യാന്പലത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർ പേടിക്കണം. കാരണം, സാമൂഹ്യവിരുദ്ധർ പയ്യാന്പലത്ത് ഉണ്ട്. പയ്യാന്പലം ബീച്ചിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം പൂവാലശല്യം ചോദ്യം ചെയ്ത ഒരു യുവതിയെ ബീച്ചിൽ വച്ച് യുവാക്കൾ ആക്രമിച്ച സംഭവവും ഉണ്ടായി. സഹായത്തിന് പോലീസ് പോലും ഇല്ലാത്ത അവസ്ഥയാണ് ബീച്ചിൽ.
നിലവിൽ ഒരു പോലീസ് കൺട്രോൾ റൂം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതും ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. കണ്ണൂർ എആർ ക്യാന്പിലേക്കാണ് കൺട്രോൾ റൂം മാറ്റുന്നത്.നിലവിൽ കണ്ണൂർ ടൗൺ സ്റ്റേഷന്റെ പരിധിയിൽ വരുന്നതാണ് പയ്യാന്പലം ബീച്ചെങ്കിലും ബീച്ചും പരിസരങ്ങളും കോസ്റ്റൽ പോലീസിന്റെ അധികാരപരിധിയിലാണ്.
അതിനാൽ ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ അധികാരത്തർക്കവും നിലനിൽക്കുന്നു. അതിനാൽ പലപ്പോഴും കേസുകൾ എടുക്കുന്നത് വൈകുന്നതിനു കാരണമാകുന്നു. ബീച്ചിലേക്കുള്ള പ്രവേശനത്തിൽ പ്രത്യേക സമയപരിധികൾ നിശ്ചയിച്ചിട്ടില്ല. അതിനാൽ സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിനു വിനോദസഞ്ചാരികൾ പയ്യാന്പലം ബീച്ചിലും പാർക്കിലുമായി എത്തുന്നു.
അതിനാൽ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉണ്ട്. പോലീസ് എയ്ഡ്പോസ്റ്റ് ഇവിടെ സ്ഥാപിച്ചാൽ സഞ്ചാരികൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ സാധിക്കും. എയ്ഡ്പോസ്റ്റ് ഇല്ലാത്തതിനാൽ അക്രമമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് പോലീസ് വിവരം അറിയുന്നത്. പോലീസ് എത്തുന്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയും ചെയ്യും.