കണ്ണൂർ: പയ്യാന്പലം ബീച്ചിൽ എത്തുന്നവർക്ക് കടൽക്കാറ്റേറ്റും തിരമാലകൾകണ്ടും വ്യായാമം ചെയ്യാനായി നിർമിച്ച ഓപ്പൺ ജിംനേഷ്യം നാശത്തിന്റെ വക്കിൽ. ഇവിടെ സജ്ജീകരിച്ച ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കാതെ തുരുന്പെടുത്ത് നശിച്ചു.
ഉപ്പു കാറ്റേറ്റ് നശിക്കാതിരിക്കാൻ പ്രത്യേകം പെയിന്റടിച്ച ഉപകരണങ്ങളാണ് ഇപ്പോൾ തുരുന്പെടുത്ത് നശിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജിം പരിപാലനം നിലച്ചതോടെ കൂടുതൽ ഉപകരണങ്ങൾ തുരുന്പെടുത്തു.
ജില്ലാ ടൂറിസം പ്രൊമോഷന്റെ നേതൃത്വത്തിലാണ് ഇവിടെ ആധുനിക രീതിയിലുള്ള ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചത്. 2018 മേയ് നാലിനാണ് ജിംനേഷ്യം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്.
ഉദ്ഘാടനം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ മാത്രമാണ് ജിം തുറന്ന് പ്രവർത്തിച്ചത്. പിന്നീട് ഇത് ബീച്ചിലെത്തുന്ന കുട്ടികൾക്കുള്ള പാർക്കായി മാറി.
ഇത് പുതുക്കി പണിത് നല്ലരീതിയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത്. ഇതുമൂലം ആരും തിരിഞ്ഞ് നോക്കാതെ ഉപകരണങ്ങളെല്ലാം തുരുന്പെടുത്ത് നശിച്ചു.
26 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം സ്ഥാപിച്ചത്. രാത്രി പതിനൊന്നുവരെ ജിം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
രാത്രിയിൽ എത്തുന്നവരുടെ സൗകര്യത്തിനായി ബീച്ചിൽ രണ്ടു ഹൈ മാസ്റ്റ് ലൈറ്റും സജ്ജീകരിച്ചിരുന്നു. ബീച്ചിന്റെ പ്രധാന കവാടത്തിനു സമീപമുള്ള ജിമ്മിൽ പുഷ് അപ് ബാർ, പുൾ അപ് ബാർ, പാരലൽ ബാർ, ബാർ ക്ലൈംബർ,എക്സസൈസ് സൈക്കിൾ, ലെഗ് സ്ട്രക്ചർ, സിറ്റ് അപ് ബെഞ്ച്, അബ്ഡോമിനൽ ബോർഡ്, സ്പിന്നർ,വെയ്റ്റ് ലിഫ്റ്റ് എന്നീ ഉപകരണങ്ങളാണ് ഉള്ളത്. ഇവയിൽ പലതിന്റെയും പെയിന്റ് ഇളകി. ഇരുമ്പ് ഉപകരണങ്ങളിൽ പലതും തുരുമ്പെടുത്തു.
വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത തുരുമ്പെടുക്കാത്ത ഉപകരണങ്ങളാണു സജ്ജമാക്കിയിട്ടുള്ളതെന്നാണ് ജിം സ്ഥാപിച്ച ഏജൻസിയായ വാപ് കോസ് പറഞ്ഞിരുന്നത്.
എന്നാൽ, ജിം സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഉപകരണങ്ങളിൽ ചിലത് തുരുമ്പെടുത്തിരുന്നു. പരാതി ഉയർന്നതോടെ അന്നു പെട്ടെന്ന് പെയിന്റടിക്കുകയായിരുന്നു.
വ്യായാമവും മാനസിക ഉല്ലാസവും ചേർത്തിണക്കി ജീവിത ശൈലി രോഗങ്ങൾ കുറക്കുകയെന്നാണ് ഓപ്പൺ ജിം നിർമിക്കുന്പോൾ അധികൃതർ ലക്ഷ്യം വെച്ചിരുന്നത്.
കേരളത്തിലെ ആദ്യത്തെ ആധുനിക രീതിയിലുള്ള ജിംനേഷ്യമാണ് കണ്ണൂരിൽ തുറന്നതെങ്കിലും ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ തുരുന്പെടുത്ത് നശിച്ചതല്ലാതെ അത് കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ലന്നാണ് പൊതുജനാഭിപ്രായം.