കണ്ണൂർ: മാലിന്യങ്ങൾ നിറഞ്ഞ പയ്യാന്പലം ബീച്ചിന് ശാപമോക്ഷം നൽകി കണ്ണൂർ പോലീസ്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് കണ്ണൂരിലെ 500 ഓളം പോലീസുകാർ ചേർന്നാണ് പയ്യാന്പലം ബീച്ച് ശുചീകരിച്ചത്. പ്രളയത്തിന്റെ ഭാഗമായി പയ്യാന്പലം കടൽത്തീരത്ത് വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു.
ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മാലിന്യങ്ങൾ ശല്യമായി മാറിയിരുന്നു. ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ബീച്ചിൽ കുമിഞ്ഞുകൂടിയത് പയ്യാന്പലം ബീച്ചിന്റെ സൗന്ദര്യത്തെ തന്നെ നശിപ്പിച്ചിരുന്നു. കണ്ണൂർ ഡിഐജി കെ.സേതുരാമൻ, ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ, കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പയ്യാന്പലത്ത് തിങ്കളാഴ്ച മുതൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചത്.
രാവിലെ ഏഴുമുതൽ 10വരെയായിരുന്നു ശുചീകരണം. ഒരു ദിവസം 150 ഓളം പോലീസുകാരായിരുന്നു ശുചീകരണത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെയോടുകൂടി ബീച്ചിലെ മാലിന്യങ്ങൾ മുഴുവൻ നീക്കംചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് കണ്ണൂർ കോർപറേഷന് നൽകുകയും ചെയ്തു.